
കല്‍പ്പറ്റ: വയനാട്ടിലടക്കം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനവുമായി പോസ്റ്റര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് യുഎപിഎ നിയമം ചുമത്തി പീഡിപ്പിക്കുന്നതായി പരാതി. കണ്ണൂരിലെ ആദിവാസി യുവതിയടക്കം ഏഴ് പോരാട്ടം സംഘടനാ പ്രവര്‍ത്തകരാണ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ പോസ്റ്ററുകളിലൂടെ ആഹ്വാനം ചെയ്തതിന് ഇപ്പോഴും ജയിലിലുള്ളത്. പിടിയിലാകാത്ത മറ്റുള്ളവരെയും പൊലീസ് നിരന്തരം പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.
കണ്ണൂരിൽ നിന്നുള്ള ആദിവാസി യുവതി ഗൗരി, മാനന്തവാടി സ്വദേശി ചാത്തു എന്നിവരെ കഴിഞ്ഞ മെയ് 6ന് വെള്ളമുണ്ടയിൽ നിന്നാണ് പോരാട്ടം സംഘടനയുടെ പേരിലുള്ള പോസ്റ്റര്‍ പതിച്ചതിന്‍റെ പേരിൽ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നായിരുന്നു പോസ്റ്ററിലെ ആഹ്വാനം.
ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ട് ജാമ്യം ലഭിക്കാതെ ഇപ്പോഴും ജയിലിലാണ്. കേസിൽ പിടികിട്ടാനുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചിലിലാണ് പൊലീസ്. പോരാട്ടം സംസ്ഥാന കൺവീനര്‍ ഷാന്റോലാലിന്‍റെ പേരിൽ വിവിധ സ്റ്റേഷൻ പരിധികളിലായി എട്ടോളം യുഎപിഎ കേസുകളാണുള്ളത്.
നിരായുധരായുള്ള ആശയപ്രചാരണത്തിന്‍റെ പേരിൽ നിരന്തരം പിന്തുടരുന്നതും മറ്റു വകുപ്പുകൾ ചേര്‍ത്ത് യുഎപിഎ പോലുള്ള കുറ്റങ്ങൾ ചുമത്തുന്നതുമടക്കം പൊലീസ് വേട്ടയാടുകയാണെന്നാണ് ആരോപണം.
യുഎപിഎ കേസുകളിൽ ഇതുവരെ ഷാന്‍റോലാല്‍ പൊലീസിന് പിടികൊടുത്തിട്ടില്ല. മുൻ സര്‍ക്കാര്‍ എടുത്ത കേസുകളായതിനാൽ, യുഎപിഎക്കെതിരെ നിലപാടുള്ള നിലവിലുള്ള സര്‍ക്കാര്‍ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്തി കേസുകളെ ഹൈക്കോടതിയിൽ നിയമപരമായി നേരിടാനും ശ്രമിക്കുന്നുണ്ട്. പോസ്റ്റര്‍ പ്രചാരണങ്ങളുടെ പേരിൽ മനുഷ്യാവകാശ സംഘടനകളുടേതടക്കം ഓഫീസുകളിലും മറ്റും പൊലീസ് നടത്തിയ റെയ്ഡും അറസ്റ്റുകളും മുൻപും വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam