'ദ്വിതീയ അംഗത്വത്തിന് യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ല, ഷൊർണൂർ നിവാസികളുടെ പുണ്യം'; പരിഹാസവുമായി ജയശങ്കര്‍

By Web TeamFirst Published Nov 27, 2018, 2:37 PM IST
Highlights

ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും

കൊച്ചി: പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎം കൈകൊണ്ട അച്ചടക്ക നടപടിക്കെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്.  പ്രാഥമിക അംഗത്വം നഷ്ടമായെങ്കിലും ശശിയുടെ ദ്വിതീയ അംഗത്വം, അതായത് നിയമസഭാംഗത്വത്തിനു യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ലെന്നും ഷൊർണൂർ നിവാസികളുടെ പുണ്യമാണെന്നും ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ജയശങ്കറിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

സഖാവ് പികെ ശശിക്ക് പാർട്ടി കോടതി 'കടുത്ത'ശിക്ഷ തന്നെ വിധിച്ചു: പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഷൻ!

ഭയങ്കരമായിപ്പോയി, ഇത്രയും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന, സ്ത്രീ ശാക്തീകരണത്തിനായി പോരാടുന്ന മഹാ പ്രസ്ഥാനമാണ് സിപിഐ(എം).

കണ്ണൂർ ജില്ലാ സെക്രട്ടറി പി ശശിയെയും എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടി പികെ ശശിയോട് അല്പം ഒരു അനുകമ്പ കാട്ടി എന്നേ പറയാൻ കഴിയൂ.

പ്രാഥമിക അംഗത്വം നഷ്ടമായെങ്കിലും ദ്വിതീയ അംഗത്വം, അതായത് നിയമസഭാംഗത്വത്തിനു യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ല. ഷൊർണൂർ നിവാസികളുടെ പുണ്യം!

ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും.

click me!