ചിത്തിര ആട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു; ഇനി വൃശ്ചികം ഒന്നിന് തുറക്കും

Published : Nov 06, 2018, 10:51 PM IST
ചിത്തിര ആട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു; ഇനി വൃശ്ചികം ഒന്നിന് തുറക്കും

Synopsis

9 മണിക്കൂര്‍ നീണ്ടുനിന്ന ചിത്തിര ആട്ട പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്) നവംബര്‍ 16നാണ് നട തുറക്കുക. പടിപൂജയ്ക്ക് ശേഷം രാത്രി 11 മണിയോടെ ഹരിവരാസനം പാടിയ ശേഷമാണ് നടഅടച്ചത്. 

സന്നിധാനം: 29 മണിക്കൂര്‍ നീണ്ടുനിന്ന ചിത്തിര ആട്ട പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്) നവംബര്‍ 16നാണ് നട തുറക്കുക. പടിപൂജയ്ക്ക് ശേഷം രാത്രി 11 മണിയോടെ ഹരിവരാസനം പാടിയ ശേഷമാണ് നടഅടച്ചത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ കടുത്ത പ്രതിഷേധമാണ്  രാവിലെ മുതല്‍ സന്നിധാനത്ത് കണ്ടത്. 

രാവിലെ ഏഴ് മണിയോടെ തൃശൂരില്‍ നിന്ന് ചോറൂണിനെത്തിയ ലളിത എന്ന സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായം സംശയിച്ചായിരുന്നു ഇവരെ തടഞ്ഞത്. വളരെ പാടുപെട്ടാണ് പൊലീസും ചില ആര്‍എസ്എസ് നേതാക്കളും ഇവരുടെ പ്രായം സംബന്ധിച്ച വിവരം പ്രതിഷേധക്കാരെ അറിയിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തത്. അതിനിടെ ഇവര്‍ക്കെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. സംഭവത്തില്‍ വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 200 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകയ്ക്കും സന്നിധാനത്തേക്കുള്ള പ്രവേശനം പ്രതിഷേധക്കാര്‍ നിഷേധിച്ചു. പ്രയാം ശരിയാണെങ്കിലും ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാരുടെ നടപടി. തുടര്‍ന്ന് ആള്‍ക്കൂട്ടം പലപ്പോഴും നിയന്ത്രണാതീതമായി.  പലപ്പോഴും  പ്രതിഷേധത്തെ തണുപ്പിക്കാന്‍ പൊലീസിനായില്ല. ഇതിനായി ആര്‍എസ്എസ് നേതാക്കളടക്കം ഇടപെട്ടു. ആര്‍എസ്എസ് നേതാക്കളടക്കമുള്ളവരായിരുന്നു  പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതും.

പ്രതിഷേധത്തിനിടെ നിയന്ത്രണംവിട്ട പ്രതിഷേധക്കാരെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി ശ്രീകോവിലിന് മുഖം തിരിച്ച് നിന്നതും പൊലീസിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ചതും വിവാദമായി. ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്തതാണ് മറ്റൊരു വിവാദം. സംഭവത്തില്‍ പരിഹാര ക്രിയകള്‍ ചെയ്തതായി വത്സന്‍ തില്ലങ്കേരി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ പരിപാടിയില്‍ പിന്നീട് പറഞ്ഞു. 

അതേസമയം തന്നെ ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ ദാസ് മേല്‍ശാന്തിമാര്‍ക്കൊപ്പം ഇരുമുടിയില്ലാതെ പടികയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. സന്നിധാനത്ത് ആചാരലംഘനമുണ്ടായതായി തന്ത്രിയും വ്യക്തമാക്കി. സാധാരണ ചിത്തിര ആട്ട ചടങ്ങുകള്‍ക്ക് എത്തുന്നതിലും കൂടുതല്‍ ഭക്ത ജനങ്ങള്‍ ദര്‍ശനത്തിനെത്തിയെന്നാണ് പൊലീസ് വിലയിരുത്തല്‍. 12000ത്തോളം ഭക്തര്‍ എത്തിയെന്നാണ് പൊലീസിന്‍റെ കണക്ക്.

മണ്ഡല മകരവിളക്ക് പൂജയ്ക്കായി ഈ മാസം 16ന് നട തുറക്കും മുമ്പ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുടെ പുന:പരിശോധനാ ഹര്‍ജികള്‍ 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. അതേസമയം പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിം കോടതി നിലപാട് നിര്‍ണായകമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന