Latest Videos

ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ച് വത്സന്‍ തില്ലങ്കേരി

By Web TeamFirst Published Nov 6, 2018, 8:44 PM IST
Highlights

ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയതായി വത്സന്‍ തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്തു. 

സന്നിധാനം: ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്തു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാരക്രിയകള്‍ ചെയ്തതെന്നും വത്സന്‍ തില്ലങ്കേരി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു.

സന്നിധാനത്തേക്ക് യുവതികൾ പ്രവേശിക്കുന്നത് തടയുന്നതിനായാണ് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ പതിനെട്ടാംപടിയിൽ കുത്തിയിരുന്നത്.  വത്സൻ തില്ലങ്കേരി നേരിട്ടാണ് പ്രതിഷേധക്കാരെ പടിയിൽ അണിനിരത്തിയത്. ഭൂരിഭാഗം പ്രതിഷേധക്കാർക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ കയറി ഇറങ്ങുന്ന  ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

ശ്രീകോവിലും സോപാനവും പോലെ ആചാരപരമായ പ്രത്യേകതകളുള്ളതാണ് പതിനെട്ടാംപടിയും. ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതും ശ്രീകോവിലിന് പിൻതിരിഞ്ഞ് പടിയിറങ്ങിയതുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. 

എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടുക്കെട്ടുമായാണ് പടി ചവിട്ടിയതെന്നുമായിരുന്നു സംഭവം നടന്നയുടന്‍ വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം.  പിന്നീട് ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചതായി തോന്നിയതിനാല്‍ തന്ത്രിയെ കണ്ട് പരിഹാര ക്രിയകള്‍ ചെയ്യുകയായിരുന്നു എന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

എന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം മൂലമുണ്ടായതാണ്. അവിടെ മനപ്പൂര്‍വം ആചാരലംഘനം നടത്തിയത് കെപി ശങ്കര്‍ദാസ് ആണ്. ഇന്നലെ നടന്ന സംഭവം എല്ലാവരും കണ്ടതാണ്. എനിക്ക് തെറ്റുപറ്റിയതായി വ്യാപകമായി പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഒരു വിശ്വാസിയായ എനിക്കുണ്ടായ വിഷമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ തന്ത്രിയെ കണ്ട് ആവശ്യമായ പരിഹാരക്രിയകള്‍ ചെയ്തതെന്നും വത്സന്‍ തില്ലങ്കേരി ന്യൂസ് അവറില്‍ വ്യക്തമാക്കി.

അതേസമയം മേൽശാന്തിക്കൊപ്പം ദേവസ്വം ബോർഡംഗം കെപി ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടികയറാൻ അനുവാദമുള്ളൂ എന്നും ഇത് ആചാരലംഘനമാണെന്നും തന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

click me!