
ചാവക്കാട്: തൃശൂര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ നടന്നത് നാല് എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ചാവക്കാട് എസ്ബിഐയുടെ എടിഎമ്മാണ് ഇന്ന് തകർത്ത നിലയില്‍ കണ്ടെത്തിയത്. എടിഎമ്മിന്‍റെ സ്ക്രീനാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ ആറുമണിയോടെ എടിഎമ്മില്‍ എത്തിയ ഇടപാടുകാരനാണ് എടിഎം തകര്‍ന്നു കിടക്കുന്ന വിവരം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ആവാനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.
ടൗണില്‍ നിന്ന് അല്‍പം ഉള്‍പ്രദേശത്തുള്ള എടിഎമ്മില്‍ മിക്കപ്പോഴും പണം ഉണ്ടാവാറില്ലെന്ന് പരക്കെ ആരോപണം ഉണ്ട്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടിനായി എത്തിയ ആരെങ്കിലും എടിഎം സ്ക്രീന്‍ തല്ലിപ്പൊളിച്ചതാവാന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 17 ലക്ഷം രൂപയുണ്ടായിരുന്ന എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, തൃശൂരിലെയും കൊച്ചിയിലെയും എടിഎം കവർച്ചാ കേസില്‍ ഒരു തുമ്പുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ മറുപടി. നിർണായകമായ നിരവധി സിസിടി ദൃശ്യങ്ങള്‍, ചിത്രങ്ങള്‍,കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനം തുടങ്ങി അക്രമികള്‍ അവശേഷിപ്പിച്ച തെളിവുകള്‍ നിരവധി. പക്ഷേ പ്രതികളെ കുറിച്ചു മാത്രം ഒരു വിവരവുമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam