
കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയിലാണ് ബിജെപി പ്രവർത്തകരുടെ വീടിന് നേരെ പുലർച്ചെ രണ്ടുമണിക്കും മൂന്നുമണിക്കും ഇടയ്ക്കാണ് ബോംബേറുണ്ടായത്. ബിജെപി പ്രവർത്തകരായ വുങ്ങുള്ളചാലിൽ വിജേഷ് , കുന്നുമ്മൽ നാരായണൻ എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
നാരായണന്‍റെ വീടിന് ആക്രമണത്തിൽ കാര്യമായ കേടുപാടുണ്ടായി. വിജേഷിന്‍റെ പുതിയായി പണിയുന്ന വീടിന് നേരെയായിരുന്നു ആക്രമണം. വീടിന്‍റെ ചുമര് തകർന്നു. മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കിനും കേടുപറ്റി.അടുത്തിടെ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നയാളാണ് വിജേഷ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു.
ശബരിമല കർമ്മസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിൽ പേരാമ്പ്ര മേഖലയിൽ വ്യാപകമായി ബിജെപി, സിപിഎം പ്രവർത്തകർ ഉൾപ്പെട്ട അക്രമസംഭവങ്ങൾ നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇരുഭാഗത്തെയും പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടുകയും ചെയ്തു. പിന്നാലെ, സിപിഎം പ്രവർത്തകനും ഗ്രാമപഞ്ചായത്ത് അംഗവുമായ ജയേഷിന്‍റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായി.
കഴിഞ്ഞ ദിവസം നടഞ്ഞ അക്രമസംഭവങ്ങളുടെ തുടർച്ചയാണ് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ഉണ്ടായ ബോംബേറ് എന്നാണ് പൊലീസ് പറയുന്നത്. സ്റ്റീൽ ബോംബുകളാണ് എറിഞ്ഞതെന്ന് പൊലീസിന്‍റെ പരിശോധനയിൽ വ്യക്തമായി. പേരാമ്പ്ര മേഖലയിൽ പൊലീസ് കനത്ത ജാഗ്രതയും പരിശോധനയും തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam