
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ജനുവരി മുതൽ ജൂൺ മാസം വരെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവിദഗ്ദരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലായിരുന്നു നിപാ പടര്‍ന്നത്. ജൂണില്‍ ഇത് പടരുന്നത് തടയാനായി. എന്നാല്‍ വീണ്ടും ഈ കാലത്ത് നിപ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വവ്വാലടക്കമുള്ള ജീവികള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് നന്നായി കഴുകി ഉപോയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. നിപ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അറിയിപ്പ്.
മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കാനും ആശുപത്രികളില്‍ കഫക്കെട്ട് പനി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് മാസ്ക് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് പൊതുവായി വൈറസ് വാഹകർ. വവ്വാലുകളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ രോഗം വരാം. വവ്വാലടക്കമുള്ള കഴിച്ചതിന്‍റെ അവശിഷ്ടം, ഇവയുടെ വിസർജ്യം കലർന്ന പഴവർഗങ്ങൾ എന്നിവ കഴിക്കരുത്. വവ്വാലുകളുള്ള സ്ഥലങ്ങളിൽ ശേഖരിച്ച് വെച്ചിട്ടുള്ള കള്ള് കുടിക്കരുത്.
രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കുളിക്കണമെന്നും ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും രോഗം പടരുമെന്നതാണ് വിദഗ്ധർ പറയുന്നത്.
രക്തം, മൂത്രം , സെറിബ്രൽ സ്പൈൻ ഫ്ലൂയിഡ് എന്നിവയുടെ പരിശോധനയിലൂടെ മാത്രമാണ് നിപാ വൈറസ് സാന്നിധ്യം കണ്ടെത്താനാകൂ. മണിപ്പാലിലിലും , പൂനയിലും മാത്രമാണ് ഇതിന് നിലവിൽ സംവിധാനം ഉള്ളത്. ആശുപത്രിയിൽ രോഗനിർണത്തിനുള്ള സംവിധാനമില്ലാത്തതിനാലും പ്രതിരോധ മരുന്നുകളില്ലാത്തിനാലും മുൻകരുതൽ എടുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam