അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയാൽ തടയുമെന്ന് ആദിവാസി മഹാസഭക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മ

By Web TeamFirst Published Jan 8, 2019, 1:26 PM IST
Highlights

അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയാൽ തടയുമെന്ന് ആദിവാസി മഹാസഭക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മ വ്യക്തമാക്കി.

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയാൽ തടയുമെന്ന് ആദിവാസി മഹാസഭക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മ വ്യക്തമാക്കി. സ്ത്രീകൾക്ക് യാത്രക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരിവിനെതിരെ നിയമ നടപടി സ്വീകരിക്കാനും സംഘടന ആലോചിക്കുന്നു. അഗസ്ത്യാർ മലയിലേക്ക് സ്ത്രീകളെത്തുന്നത് ആചാരലംഘനമാണെന്ന് പറയുന്ന ആദിവാസി മഹാസഭ സ്ത്രീകളെ തന്നെ രംഗത്തിറക്കി പ്രതിഷേധിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്ര തുടങ്ങുന്ന 114ന് ബോണക്കാട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധ യജ്ഞം സംഘടിപ്പിക്കും.

അഗസ്ത്യമലയുടെ അടിവാരത്ത് 27 സെറ്റിൽമെന്‍റ് കോളനികളിലായി 1500 ആദിവാസികളാണ് താമസിക്കുന്നത്. ഇവിടത്തെ സ്ത്രീകളാരും ഇതുവരെ അതിരുമല കടന്ന് മലയുടെ നെറുകയിലേക്ക് കയറിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ആദിവാസി മഹാസഭ പ്രശ്നത്തിൽ സർക്കാരിന്‍റെ ഇടപടെലും ആവശ്യപ്പെടുന്നുണ്ട്. അതേസമയം നിരവധി സ്ത്രീകളാണ് ഇതിനകം യാത്രക്കായി രജിസ്റ്റർ ചെയ്തത്. കോടതി ഉത്തരവ് ഉള്ള സാഹചര്യത്തിൽ വനംവകുപ്പ് സ്ത്രീകളുടെ യാത്രയെ തടയാനുമാകില്ല. എന്നാല്‍ സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

 

അഗസ്ത്യാർകൂടത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര കാണി വിഭാഗവും രംഗത്തെത്തിയിരുന്നു. സ്ത്രീകൾ കയറിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി. എന്നാൽ പ്രതിഷേധങ്ങൾ ഭയന്ന് പിന്മാറാനില്ലെന്നാണ് മല കയറാൻ അനുമതി നേടിയെടുത്തവരുടെ നിലപാട്. 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു.

ശബരിമല യുവതീ പ്രവേശനം വലിയ ചർച്ചയായിരിക്കെയാണ് അഗസ്ത്യാർ കൂടത്തിന്‍റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിന്‍റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസത്യാർകൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്.

എന്നാൽ മലയുടെ ഏറ്റവും മുകളിൽവരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ വിജ്ഞാപനം. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്‍റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു.ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീ കളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാർ വി‍ജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് അഗസ്ത്യാർക്കൂട യാത്ര.

 

click me!