വാഗ്ദാനങ്ങള്‍ പാഴായി, പണിമുടക്കില്‍ വലഞ്ഞ് ജനം: തീവണ്ടികള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു, സംഘര്‍ഷം

Published : Jan 08, 2019, 01:23 PM ISTUpdated : Jan 08, 2019, 02:40 PM IST
വാഗ്ദാനങ്ങള്‍ പാഴായി, പണിമുടക്കില്‍ വലഞ്ഞ് ജനം: തീവണ്ടികള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു, സംഘര്‍ഷം

Synopsis

വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു.

തിരുവനന്തപുരം:  വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു തന്നിരുന്നുവെങ്കിലും ട്രെയിന്‍ ഗതാഗതമടക്കം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ പണിമുടക്കിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 48 മണിക്കൂര്‍ പണിമുടക്ക്  മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ ഇന്നും നാളെയും കേരളം ഫലത്തില്‍ നിശ്ചലമാകാനാണ് സാധ്യത. 

തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

സംസ്ഥാനത്ത് ഹർത്താലിന് പിന്നാലെ വന്ന പണിമുടക്കില്‍ തീവണ്ടി ഗതാഗതം താറുമാറായി. വിവിധ ജില്ലകളില്‍ ഗതാഗതം സ്തംഭിപ്പിച്ചതോടെ മണിക്കൂറുകളോളം വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്. ട്രെയിനുകള്‍ തടഞ്ഞാണ് സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങിയത്. തിരുവന്തപുരത്ത് വേണാട് എക്സ്പ്രസ് ഒന്നരമണിക്കൂറും, ജനശതാബ്ദി, രപ്തി സാഗര്‍ എക്സ്പ്രസുകള്‍ അരമണിക്കൂറും തടഞ്ഞു. സംയുക്തട്രേഡ് യൂണിയന്‍ തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയില്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. കോഴിക്കോട് മംഗലാപുരം ചെന്നൈമെയില്‍ അരമണിക്കൂര്‍ തടഞ്ഞു. 

പാലക്കാട്, തിരൂര്‍, ആലപ്പുഴ, കായംകുളം തുടങ്ങിയ സ്റ്റേഷനുകളിലും തീവണ്ടി ഗതാഗതം സ്തംഭിപ്പിച്ചു. വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ ത‍ടഞ്ഞവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. തീവണ്ടികള്‍ മണിക്കൂറുകളോളം  വൈകി ഓടുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാരടക്കം പ്രതിസന്ധിയിലായി. മുംബൈ-കന്യാകുമാരി ജയന്തിജനത, ഹൈദരബാദ്-തിരുവന്തപുരം ശബരി എക്സ്പ്രസ്, തിരുവനന്തപുരം-ഗോരഖ് പൂര്‍ രപ്തിസാഗര്‍ തുടങ്ങി 10 തീവണ്ടികള്‍ ഒരുമണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്.

കെഎസ്ആര്‍ടിസി  സര്‍വ്വീസ് നിലച്ചു

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് തിരുവനന്തപുരത്ത് പൂർണമാണ്. മണക്കാടും തമ്പാനൂരും സമരക്കാർ ഓട്ടോറിക്ഷകൾ തടഞ്ഞ്  യാത്രക്കാരെ ഇറക്കിവിട്ടു. നിലയ്ക്കല്‍, എരുമേലി, പമ്പ, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. മുഴുവന്‍ ബസുകളും പ്രധാന ഡിപ്പോകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പമ്പയിലേക്കുള്ള ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റ് സര്‍വ്വീസുകള്‍ എല്ലാം തന്നെ നിര്‍ത്തിവച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്,പാലക്കാട് തുടങ്ങി മറ്റു ഡിപ്പോകളിലും ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്ത് എവിടെയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്സി സര്‍വ്വീസുകളും നിശ്ചലമാണ്. കാസര്‍ഗോഡ് ജില്ലയിലേക്ക് കര്‍ണാടക ആര്‍ടിസി ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. 

കടകള്‍ അടപ്പിച്ചു, പലയിടത്തും സംഘര്‍ഷം

പണിമുടക്കിന്‍റെ ആദ്യദിവസമായ ഇന്ന് കൂടുതൽ വ്യാപാരികൾ കടകൾ തുറക്കാൻ തയ്യാറായി മുന്നോട്ട് വന്നു. പക്ഷേ ബലമായി കടകൾ അടപ്പിക്കില്ലെന്ന തൊഴിലാളി സംഘടനകളുടെ വാക്ക് പാഴ്വാക്കായതോടെ മലപ്പുറം മഞ്ചേരിയിലുൾപ്പടെ വ്യാപാരികളും സമരക്കാരും തമ്മിൽ സംഘർഷമായി. കൊച്ചിയിലും,കോഴിക്കോടും വ്യാപാരമേഖല സജീവമായപ്പോൾ തിരുവനന്തപുരത്ത് കടകൾ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്.

കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കില്ലെന്ന സിഐടിയു ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകളുടെ  പ്രഖ്യാപനം ആദ്യ മണിക്കൂറിൽ തന്നെ പാളിയത് മലപ്പുറം മഞ്ചേരിയിലാണ്. വ്യാപാരികൾ കട തുറക്കുന്നതിനിടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളെത്തി. വാക്ക് തർക്കം സംഘർഷത്തിലെത്തുകയും കടകൾ അടപ്പിക്കുകയുമായിരുന്നു. പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്നായിരുന്നു വ്യാപാരികളുടെ പരാതി. 

Read More: കട അടപ്പിക്കില്ലെന്ന വാഗ്ദാനം പാഴായി; പലയിടത്തും തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു

എന്നാൽ കൊച്ചി പാലാരിവട്ടത്ത് പ്രവർത്തിച്ചിരുന്ന ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ സമരക്കാർ ബലമായി അടപ്പിച്ചു. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഇറക്കി വിട്ടു.പണിമുടക്കിനെ പ്രതിരോധിക്കാൻ ഉറച്ച വ്യാപാരമേഖലയുടെ തീരുമാനം വലിയ രീതിയിൽ ഫലം കണ്ടത് കൊച്ചിയിലും കോഴിക്കോടുമായിരുന്നു. 

കോഴിക്കോട് മിഠായിത്തെരുവിൽ രാവിലെ മുതൽ തന്നെ പൊലീസ് സംരക്ഷണത്തിൽ കടകൾ തുറന്നു. കൊച്ചി ബ്രോഡ്‍വേയിലും ജില്ലാ കളക്ടർ തന്നെ നേരിട്ടെത്തി കടകൾ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി. എന്നാൽ തിരുവനന്തപുരത്ത് ചാല മാർക്കറ്റ് ഉൾപ്പടെ നിശ്ചലമാണ്. ജീവനക്കാർ എത്താൻ ഗതാഗത സൗകര്യമില്ലാത്തതിനാൽ കടകൾ തുറക്കാനാകില്ലെന്ന് വ്യാപാരികൾ അറിയിച്ചു. തിരുവനന്തപുരത്തെ ചാലകമ്പോളത്തില്‍ പണി മുടക്ക് പൂര്‍ണ്ണമാണ്. പൂക്കടകള്‍ മാത്രമാണ് തുറന്നത്. വ്യാപാരവ്യവസായി ഏകോപന സമിതി അംഗങ്ങള്‍ കടകള്‍ തുറക്കാന്‍ എത്തിയിരുന്നില്ല.

Read More: ദേശീയതലത്തില്‍ പണിമുടക്ക് ഭാഗികം; ബംഗാളില്‍ സംഘര്‍ഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ