
കൊച്ചി: കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദി ഭരണം തുടരുന്നതാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ തള്ളിയ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രതികരണം. സിസി തീരുമാനത്തിനു പിന്നിൽ കേരള ഘടകത്തിന്റെ സമ്മർദ്ദമാണ്. കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോടാണ്.
ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താൻ കേരളത്തിലെ സിപിഎമ്മിന് താൽപര്യമില്ല. ഇതിനു ചരിത്രം മാപ്പ് തരില്ല. ആർഎസ്എസ്-സിപിഎം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്- ആന്റണി പറഞ്ഞു. സിസിയുടേത് മതേതര ജനാധിപത്യവാദികളെ ഒറ്റിക്കൊടുക്കുന്ന തീരുമാനമാണെന്നും ആന്റണി കുറ്റപ്പെടുത്തി.
സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ടു തള്ളിയാണ്, കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. 31 പേർ യെച്ചൂരിയുടെ രേഖയെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയപ്പോൾ 55 പേർ എതിർത്തു. എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനമുണ്ടായിരിക്കുന്നത്. വർഗീയ ഫാസിസത്തെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി സഖ്യം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam