
ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ബോട്ട് വിട്ടുനൽകാൻ വിസമതിക്കുന്ന ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാൻ കർശന നിർദേശം നൽകി മന്ത്രി ജി.സുധാകരൻ. ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബോട്ട് വിട്ട് നൽകാൻ തയ്യാറാകാത്തവരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്‌റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തി.
പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്ന ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത ബോട്ട് ഉടമകൾക്ക് സർക്കാരിന്റെ ജലാശയങ്ങളിൽ നങ്കൂരമിടുന്നതിനുള്ള അനുമതി പിൻവലിക്കാനും കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തിര നടപടി.
ആലപ്പുഴയിൽ കായലുകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. കുട്ടനാട്ടിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കനത്തമഴയെ തുടർന്ന് പലയിടങ്ങളിലായി വെള്ളം ഉയരുകയും അടിയൊഴുക്ക് ശക്തവുമാണ്. ജില്ലയിലെ വിവിധ മേഖലകളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കണ്ടംകരി തുടങ്ങിയ പല ക്യാമ്പുകളും വെള്ളത്തിലാണ്. പലരേയും കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ജനങ്ങൾ ജാഗ്രത പാലിക്കാൻ സർക്കാരും ജനപ്രതിനിധികളും നിർദേശം നൽകുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam