
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി ആലപ്പുഴ. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ തെളിയിക്കുന്നത് .
ആർഭാടങ്ങളില്ലാതെ കൗമാരകലാമേള
സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്. വലിയ ആർഭാടങ്ങളില്ലാതെ കലോത്സവത്തിന്‍റെ ഭക്ഷണവേദിയുടെ പാലുകാച്ചൽ ചടങ്ങ് പ്രധാനവേദിയിൽ രാവിലെ പതിനൊന്ന് മണിയോടെ നടന്നു.
ഡിപിഐ കെ.മോഹൻകുമാർ ഐഎഎസ്സും, ആലപ്പുഴ കളക്ടർ സുഹാസും ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി ജി.സുധാകരനാണ് കലോത്സവത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷൻ. ആർഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയിൽ. മറ്റ് പതിവുകാഴ്ചകളുമുണ്ട്.
പകിട്ട് കുറഞ്ഞെന്ന തോന്നൽ ഇത്തവണ ആർക്കുമുണ്ടാകില്ലെന്നാണ് ഡിപിഐ മോഹൻകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ''ഇത്തവണയും നല്ല സൗകര്യങ്ങളോടെയാണ് കലോത്സവം ഒരുക്കിയിരിക്കുന്നത്. 12,000 കൗമാരപ്രതിഭകളാണ് ഇത്തവണ കലോത്സവത്തിനെത്തുന്നത്. അവർ തന്നെയാണ് ഈ കലോത്സത്തിന്‍റെ ഭംഗിയും പകിട്ടും.'' മോഹൻ കുമാർ വ്യക്തമാക്കി. ''അപ്പീൽ പ്രളയം മൂലം ഇത്തവണ സമയക്രമം വൈകുമെന്ന ആശങ്കയില്ല. മറ്റ് വർഷങ്ങളെ അപേക്ഷിച്ച് അപ്പീലുകൾ ഇത്തവണ കുറവാണ്.'' മോഹൻകുമാർ പറഞ്ഞു.
16 വർഷത്തിന് ശേഷമെത്തുന്ന മേള
16 വര്‍ഷത്തിന് ശേഷമാണ് കിഴക്കിന്‍റെ വെനീസെന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ആലപ്പുഴയിലേക്ക് കലോത്സവം വിരുന്നെത്തുന്നത്. 29 വേദികളുടേയും പെയിന്‍റിംഗ് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ആലപ്പുഴ ജില്ലക്കാരുടെ സാഹിത്യ രചനകളാണ് വേദികളുടെ പേര്. കലോത്സവ കലണ്ടര്‍ പുറത്തിറക്കി, ഇഎംഎസ് സ്റ്റേഡിയത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം നാലു കേന്ദ്രങ്ങളിൽ ബുഫേ മാതൃകയിൽ വിതരണം ചെയ്യും. അമ്പലപ്പുഴ പാൽപ്പായസമാണ് അവസാന ദിവസത്തെ ആകര്‍ഷണം
12 സ്കൂളുകളിലായാണ് താമസസൗകര്യം. സഹായത്തിനായി പ്രാദേശിക സമിതികളും വിദ്യാര്‍ത്ഥികളുടെ സൗഹൃദസേനകളും സുരക്ഷയ്ക്കായി പൊലീസുമുണ്ടാകും. ഗതാഗതത്തിന് 18 സ്കൂൾ ബസ്സുകൾ ക്രമീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam