
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, മറ്റൊരു ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. വേങ്ങരയിലെ സിറ്റിംഗ് എംഎൽഎ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഇവിടെ ഒഴിവുവരുന്ന എംഎൽഎ സ്ഥാനത്തിനു വേണ്ടിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം വേങ്ങരയിൽ മത്സരിക്കാൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള തിരക്കിലേക്കു ഇനി മുന്നണികള്‍ തിരിയും. വേങ്ങരയിൽ ഇത്തവണ വോട്ടുകളുടെ ഏറ്റക്കുറച്ചിലുകൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വേങ്ങരയിലെ കണക്കുകൾ എൽഡിഎഫിന് ആശാവഹമല്ല.
73,804 വോട്ട് കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നേടിയപ്പോൾ ഇടത് സ്ഥാനാർഥി എം.ബി.ഫൈസലിന് നേടാൻ കഴിഞ്ഞത് 33,275 വോട്ടുകൾ മാത്രമാണ്. ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശിന് ലഭിച്ചത് 5,952 വോട്ടുകൾ മാത്രം. ഏഴ് മണ്ഡലങ്ങളിലെ കണക്കു പരിശോധിച്ചാൽ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും അധികം ഭൂരിപക്ഷം നൽകിയതും സ്വന്തം മണ്ഡലമായ വേങ്ങര തന്നെ.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനു വേങ്ങര മണ്ഡലത്തിൽ നിന്നു 60,323 വോട്ടുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കു 72,181 വോട്ടുകൾ ലഭിച്ചു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഈ വോട്ടിംഗ് നില ഉയർത്തേണ്ട വെല്ലുവിളിയാണ് ലീഗ് ഇനി നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam