ഉത്തരകൊറിയോട് ഇനി ക്ഷമിക്കില്ലെന്ന് അമേരിക്ക

By Web DeskFirst Published Apr 17, 2017, 7:14 AM IST
Highlights

സോള്‍ : ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി അടക്കം എല്ലാ സാധ്യതകളും പരിഗണിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടയിലാണ് മൈക്ക് പെന്‍സ് മാധ്യമങ്ങളോട് ഇത് പറഞ്ഞത്. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം സാധ്യതയുണ്ടെന്ന ചൈനീസ് മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് മൈക്ക് പെന്‍സ് സോളിലെത്തിയത്.

ഇരു കൊറിയകള്‍ക്കുമിടയിലെ സൈന്യരഹിത മേഖലയായ പാന്‍മുന്‍ജോമില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് മൈക്ക് പെന്‍സ് ഉത്തരകൊറിയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ പിറ്റേദിവസമാണ് പെന്‍സ് മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. ഉത്തരകൊറിയുടെ മിസൈല്‍ പരീക്ഷണത്തെ പ്രകോപനപരം എന്നായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്നലെ പ്രതികരിച്ചിരുന്നത്.

തന്ത്രപ്രധാനമായ ക്ഷമ പുലര്‍ത്തുകയെന്ന കാലഘട്ടം കഴിഞ്ഞു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ സാധ്യതകളും അമേരിക്ക പരിശോധിച്ചു വരികയാണെന്നും മൈക്ക് പെന്‍സ് അറിയിച്ചു. ദക്ഷിണകൊറിയുമായി അമേരിക്കയ്ക്കുള്ള ബന്ധം ദൃഢമാണ്. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് യുഎസിന്റെ പ്രതിബദ്ധതയായാണ് കണക്കാക്കുന്നത്. ഉത്തരകൊറിയ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മൈക്ക് പെന്‍സ് പറഞ്ഞു.

നാല് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട യു എസ് വൈസ് പ്രസിഡന്‍റ് ഇതിന്റെ ആദ്യഘട്ടമായാണ് ദക്ഷിണകൊറിയയിലെത്തിയത്. ദക്ഷിണകൊറിയന്‍ താല്‍ക്കാലിക പ്രസിഡന്റ്, പാര്‍ലമെന്‍റ് സ്പീക്കര്‍ എന്നിവരുമായി മൈക്ക് പെന്‍സ് കൂടിക്കാഴ്ച നടത്തും. ദക്ഷിണ കൊറിയയിലെ വ്യവസായ പ്രമുഖരുമായും പെന്‍സ് കൂടിക്കാഴ്ച നടത്തും.

സൈന്യരഹിത മേഖലയിലെ യുഎന്‍ മിലിട്ടറി കോമ്പൗണ്ടായ ക്യാംപ് ബോണിഫാസിലും മൈക്ക് പെന്‍സ് സന്ദര്‍ശനം നടത്തി. ഉത്തരകൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി വിവിധ തലങ്ങളില്‍ ആശയവിനിമയം നടക്കുകയാണെന്ന് യുഎസ് സൈനീക ഉപദേഷ്ടാവ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

ഉത്തരകൊറിയുടെ കാര്യത്തില്‍ ക്ഷമയുടെ കാലം കഴിഞ്ഞെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ കഴിഞ്ഞദിവസം നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

click me!