
മോസ്ക്കോ: ബ്രസീൽ കൂടി പുറത്തായതോടെ ലോകകപ്പ് ഫലത്തിൽ യൂറോ കപ്പായി മാറിക്കഴിഞ്ഞു. കിരീടപ്പോരാട്ടത്തില്‍ 6 യൂറോപ്യന്‍ ടീമുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 2006ന് ശേഷം ആദ്യമായാണ് ലാറ്റിനമേരിക്കൻ പങ്കാളിത്തമില്ലാത്ത ലോകകപ്പ് സെമി ഫൈനലിന് കളമുണരുന്നത്.
ആരാധകരുടെ കണ്ണീർ വീഴ്ത്തിയാണ് ബ്രസീൽ ലോകകപ്പിനോട് വിടപറഞ്ഞത്. അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ബ്രസീലിയൻ ആരാധകർക്ക് ബെൽജിയത്തോടുള്ള തോൽവി കടുത്ത നിരാശയായി. വമ്പൻമാർക്ക് അടിതെറ്റിയ ലോകകപ്പിൽ ഒടുവിൽ സെമി കാണാതെ കാനറികളും പുറത്തായി. തുടക്കത്തിൽ ബ്രസീലയൻ ആരാധകർക്ക് പ്രതീക്ഷ വാനോളമായിരുന്നു.
അഗസ്റ്റോയുടെ ആശ്വാസഗോൾ ബ്രസീൽ ആരാധകർക്ക് പ്രതീക്ഷയേകി. ഒടുവിൽ പൊരുതി തോറ്റെന്ന് വിധിയെഴുതി ബ്രസീലുകാർ കളംവിട്ടപ്പോള്‍ ലാറ്റിനമേരിക്കന്‍ പ്രതീക്ഷകള്‍ കൂടിയാണ് അസ്താനത്തായത്. മൂന്ന് ലാറ്റിനമേരിക്കന്‍ ടീമുകളെ കരയിച്ച ഫ്രാന്‍സാണ് ഇക്കുറി യൂറോപ്പിന്‍റെ കരുത്ത് കാട്ടാന്‍ മുന്നില്‍ നിന്നത്.
കിരീടം മോഹിച്ചെത്തിയ മെസിപ്പടയെ കണ്ണീരണിയിച്ചതും മറ്റാരുമല്ല. ലോകകപ്പില്‍ ഇതുവരെ ഉറുഗ്വയെ കീഴടക്കിയിട്ടില്ലെന്ന നാണക്കേടും ഗംഭീര ജയത്തോടെ അവര്‍ മായ്ച്ചുകളഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവും ഫ്രാന്‍സിന്‍റെ കരുത്തിന് മുന്നില്‍ ഉത്തരമില്ലാതെ നിന്നു.
യുറോപ്പിലെ പുതു ശക്തികളായി മറിക്കഴിഞ്ഞ ബെല്‍ജിയം നെയ്മറിനും സംഘത്തിനും വീട്ടിലേക്കുള്ള വഴി കാട്ടിയതോടെ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ വസന്തത്തിന് കാതോര്‍ത്തിരുന്നവര്‍ നിരാശരായി. പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന്‍ വയ്ക്കാന്‍ ഇനി നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam