നാവികരുടെ ഭ്രാന്തൻ സ്വപ്നമായ ഗോൾഡൻ ഗ്ലോബ് റേസിന്‍റെ ചരിത്രമിതാണ്

By Web TeamFirst Published Sep 24, 2018, 3:31 PM IST
Highlights

ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്, ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റിന്‍റെ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറു പായ് വഞ്ചിയിൽ ലോകം ചുറ്റി വരണം.  സാഹസികൻമാരായ നാവികരുടെ ഭ്രാന്തൻ വിനോദമായ ഗോൾഡൻ ഗ്ലോബ് റേസിന്‍റെ ചരിത്രമിതാണ്.

ദില്ലി: ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്, ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റിന്‍റെ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറു പായ് വഞ്ചിയിൽ ലോകം ചുറ്റി വരണം.  സാഹസികൻമാരായ നാവികരുടെ ഭ്രാന്തൻ വിനോദമായ ഗോൾഡൻ ഗ്ലോബ് റേസിന്‍റെ ചരിത്രമിതാണ്.

1968 ലണ്ടനിലെ സൺഡേ ടൈംസ് ദിനപത്രം ഒരു അതിസാഹസിക മത്സരം നടത്താൻ തീരുമാനിച്ചു. ഇഷ്ടമുള്ള ഒരിടത്ത് നിന്ന് പായ്ക്കപ്പലിൽ  യാത്ര തുടങ്ങുക. ഒരു തുറമുഖത്തും അടുക്കാതെ പുറം ലോകത്ത് നിന്ന് യാതൊരു വിധ സഹായവും വാങ്ങാതെ ലോകം ചുറ്റി അവിടെതന്നെ തിരിച്ചെത്തണം. വിജയികൾക്ക് അയ്യായിരം പൗണ്ട് ഇനാം കൂടി പ്രഖ്യാപിച്ചു സൺഡേ ടൈംസ്. 1968 ജൂൺ 1 മുതൽ ജൂലൈ 28 വരെയുള്ള രണ്ടു മാസത്തിനിടെ ഒമ്പതു സാഹസികൻമാർ ആ വെല്ലുവിളി ഏറ്റെടുത്ത് യാത്ര തിരിച്ചു.

ബ്രിട്ടീഷുകാരായ ആറ് പേർ. ജോൺ റിഡ്ജ്‍വേ, ചേയ് ബ്ലൈത്ത്, റോബിൻ ക്നോക്സ് ജോൺസൺ, ബിൽ കിംഗ്, നിഗൽ ടെറ്റ്‍ലി, ഡൊണാൾഡ് ക്രൗഹസ്റ്റ്. ഫ്രഞ്ച് നാവികരായ ലൂയ്ക് ഫൗജിറോണും, ബെർനാഡ് മൊറ്റേസിയറും, ഒമ്പതാമനായി ഇറ്റാലിയൻ നാവികൻ അലക്സ് കറാസോ.

പക്ഷേ ജീവൻ വച്ചുള്ള ഈ കളി പൂർത്തിയാക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ പലരും പിൻമാറി തുടങ്ങി. നിഗൽ ടെറ്റ്‍ലിയുടെ കപ്പൽ മുങ്ങി, സമ്മർദ്ദത്തിനടിമപ്പെട്ടഡൊണാൾഡ് ക്രൗഹസ്റ്റ് ആത്മഹത്യചെയ്തു. ഒരാൾ മാത്രം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് തന്‍റെ പ്രയാണം പൂർത്തിയാക്കി. സുഹൈലി എന്ന ഇന്ത്യൻ നിർമ്മിത ചെറു പായ്ക്കപ്പലിൽ ഇംഗ്ലണ്ടിലെ ഫാൽമൗത്തിൽ നിന്ന് യാത്ര തിരിച്ച റോബിൻ ക്നോക്സ് ജോൺസണായിരുന്നു അത്.  

28 കാരനായ ഈ  ബ്രിട്ടീഷ് മെർച്ചന്‍റ് നേവി ഓഫീസർ മത്സരം തുടങ്ങുമ്പോൾ വിജയിക്കാൻ എറ്റവും കുറവ് സാധ്യത കൽപ്പിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു. 312 ദിവസം കൊണ്ട് ലോകം ചുറ്റിയ റോബിൻ സാഹസികതയുടെ ധൈര്യത്തിന്‍റെയും പര്യായമായി വാഴ്ത്തപ്പെട്ടു.

ഈ അതിസാഹസിക യാത്രയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ രണ്ടാം ലോക പര്യടന മത്സരത്തിനിടെയാണ് കമാൻഡർ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടത്. മത്സരം വിജയിക്കാൻ എറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ധീരനായ ഈ നാവികന് മാർഗനിർദ്ദേശങ്ങൾ നൽകിയതും ഊ‍ർജ്ജം പകർന്നതും ആ പഴയ മെർച്ചന്‍റെ നേവിക്കാരനായ റോബിൻ ക്നോക്സ് ജോൺസൺ ആയിരുന്നു. 

click me!