ഇനി അലഹബാദ് ഇല്ല; പുതിയ പേര് പ്രയാഗ് രാജ്; യോഗി സ‍ർക്കാരിനെതിരെ വ്യാപകപ്രതിഷേധം

By Web TeamFirst Published Oct 16, 2018, 1:23 PM IST
Highlights

ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദ് ഇന്ന് മുതൽ 'പ്രയാഗ്‍രാജ്' എന്ന് അറിയപ്പെടുമെന്ന് യുപി സർക്കാർ. ഉത്തർപ്രദേശ് ആരോഗ്യമന്ത്രിയായ സിദ്ധാർഥ് നാഥ് സിംഗാണ് ദേശീയ ഏജൻസിയായ ANI-യ്ക്ക് നൽകിയ അഭിമുഖത്തിൽ പേരുമാറ്റം സ്ഥിരീകരിച്ചത്. ചരിത്രപ്രധാനമായ നഗരത്തിന്‍റെ പേരുമാറ്റിയതിനെതിരെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്.

ലഖ്‍നൗ: ''അലഹബാദിന്‍റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റണമെന്നത് ജനങ്ങളുടെ ആവശ്യമായിരുന്നു. എല്ലാവരും അംഗീകരിക്കുകയാണെങ്കിൽ നഗരത്തിന്‍റെ പേര് മാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കും'' എന്നായിരുന്നു ഇന്നലെ യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. എന്നാൽ തീരുമാനം അന്തിമമാണെന്നാണ് ഇപ്പോൾ യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗ് വ്യക്തമാക്കുന്നത്.

തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷപാർട്ടികൾ ഉയർത്തുന്നത്. കുംഭമേള നടക്കുന്ന പ്രദേശം ഇപ്പോഴും അറിയപ്പെടുന്നത് 'പ്രയാഗ്' എന്ന പേരിലാണ്. സർക്കാരിന് വേണമെങ്കിൽ ഈ പ്രദേശത്തെ 'പ്രയാഗ് രാജ്' എന്ന് വിളിയ്ക്കാമായിരുന്നു. അതിന് പകരം അലഹബാദിനെപ്പോലുള്ള ഒരു ചരിത്രനഗരത്തിന്‍റെ പേര് മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാവ് ഓംകാർ സിങ് പ്രതികരിച്ചു. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‍റുവിന്‍റെ ജന്മസ്ഥലം കൂടിയായ അലഹബാദ് സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ നിരവധി ചരിത്രയോഗങ്ങൾക്ക് സാക്ഷിയായ നഗരം കൂടിയാണെന്നും ഓംകാർ സിംഗ് ചൂണ്ടിക്കാട്ടി.

മുഗൾ ചക്രവർത്തി അക്ബറിന്‍റെ 476-ാം ജന്മദിനത്തിലാണ് അലഹബാദിന്‍റെ പേരുമാറ്റുകയാണെന്ന് ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. 1575-ൽ അക്ബറാണ് പ്രയാഗ് എന്ന നഗരത്തിന്‍റെ പേര് 'ഇലഹാബാദ്' അഥവാ 'ദൈവത്തിന്‍റെ നഗരം' എന്ന് മാറ്റിയത്. ആർഎസ്എസ്സിന്‍റെ പുസ്‍തകങ്ങളിലൊന്നും അലഹബാദ് എന്ന പേര് കാണാനാകില്ല. പകരം പ്രയാഗ് എന്നാണ് അലഹബാദിനെ ആർഎസ്എസ് വിശേഷിപ്പിക്കാറ്. വാരാണസിയെ കാശി എന്നതുപോലെ. രണ്ട് മാസത്തിന് ശേഷം ജനുവരിയിൽ നടക്കാനിരിയ്ക്കുന്ന കുംഭമേളയ്ക്ക് മുമ്പ് അലഹബാദിന്‍റെ പേര് മാറ്റാനായിരുന്നു യുപി സർക്കാരിന്‍റെ നീക്കം. അതാണിപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

click me!