
വാഷിങ്ടൺ: ഖുറാൻ വചനങ്ങൾ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കുന്നത് ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ നിർത്തലാക്കി. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ നടപടി. ഖുറാൻ വചനങ്ങൾ എഴുതിയ ഡോർ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോൺ നിർത്തലാക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മുസ്ലിം ഉപദേശക സംഘടനയായ അമേരിക്കൻ- ഇസ്ലാമിക് റിലേഷൻസ് (സിഎഐആർ) ആണ് അതുസംബന്ധിച്ച് ആദ്യമായി ആമസോണിന് പരാതി നൽകിയത്. ഉത്പന്നങ്ങളെക്കുറിച്ച് സമുദായത്തിലെ അംഗങ്ങളിൽനിന്ന് ലഭിച്ച പരാതികളെ തുടർന്നാണ് ആമസോണുമായി ബന്ധപ്പെട്ടതെന്ന് സിഎഐആർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആമസോണിൽ വിൽക്കുന്ന ഇത്തരം നിന്ദ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് സിഎഐആർ. ഉത്പന്നങ്ങളിൽ ഇസ്ലാമിക് കലിഗ്രാഫിയിലാണ് എഴുതിയിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങൾ എന്നിവയെക്കുറിച്ചാണ് ഉത്പന്നങ്ങളിൽ പ്രധാനമായും എഴുതിയിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്പെയിന്ലെ അൽ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടോയ്ലറ്റ് സീറ്റ് കവർ അടക്കമുള്ള ഉത്പന്നങ്ങൾ ആമസോണിൽ വിൽക്കുന്നതായും സിഎഐആർ ചൂണ്ടിക്കാട്ടി.
അതേസമയം ഉത്പന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ഗൈഡ് ലൈൻസ് ഓരോ വിൽപനക്കാരനും പിൻതുടരണമെന്നും, ഇതിനെതിരെ പ്രവർത്തിക്കുന്നവരുടെ അകൗണ്ടുകൾ നീക്കം ചെയ്യുമെന്നും ആമസോൺ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. സംശയാസ്പദമായ ഉൽപന്നങ്ങൾ ഞങ്ങളുടെ സ്റ്റോറിൽ നിന്ന് നീക്കംചെയ്യുന്നുമെന്നും ആമസോൺ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam