അമിത് ഷാ വന്നാല്‍ എല്ലാം മാറും; ബംഗാളില്‍ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

By Web TeamFirst Published Nov 13, 2018, 9:02 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുരിയില്‍ നിന്ന് മത്സരിക്കാമെങ്കില്‍ അമിത് ഷായ്ക്ക് എന്തുകൊണ്ടാണ് കൊല്‍ക്കത്തയില്‍ നിന്ന് മത്സരിച്ചുക്കൂടാ എന്ന് ദിലീപ് ഘോഷ് ചോദിച്ചു. മോദി ഉത്തര്‍പ്രദേശില്‍ എത്തി മത്സരിച്ചപ്പോള്‍ അവിടെ എന്ത് സംഭവിച്ചുവെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ മുഴുവന്‍ നാടകീയമായി മാറ്റിമറിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൊല്‍ത്തത്തില്‍ നിന്ന് മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുരിയില്‍ നിന്ന് മത്സരിക്കാമെങ്കില്‍ അമിത് ഷായ്ക്ക് എന്തുകൊണ്ട് കൊല്‍ക്കത്തയില്‍ നിന്ന് മത്സരിച്ചുക്കൂടാ എന്ന് ദിലീപ് ഘോഷ് ചോദിച്ചു. മോദി ഉത്തര്‍പ്രദേശില്‍ എത്തി മത്സരിച്ചപ്പോള്‍ അവിടെ എന്ത് സംഭവിച്ചുവെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

കേരളം പോലെ തന്നെ ബിജെപിക്ക് തിരിച്ചടികള്‍ നല്‍കുന്ന സംസ്ഥാനമാണ് ബംഗാളും. ശക്തമായ രീതിയില്‍ ബിജെപി വിമര്‍ശനം നടത്തുന്ന നേതാവാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതുകൊണ്ട് തന്നെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളിന് വലിയ പ്രാധാന്യം തന്നെയാണ് ബിജെപി നല്‍കുന്നത്.

ദിലീപ് ഘോഷ് അമിത് ഷായെ ബംഗാളിലേക്ക് മത്സരിക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്ത് വന്നു. ബംഗാളില്‍ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കാന്‍ അമിത് ഷായെ തൃണമൂല്‍ വെല്ലുവിളിച്ചു.

ദിലീപ് ഘോഷ് പറഞ്ഞുവെന്നല്ലാതെ അമിത് ഷാ കൊല്‍ക്കത്തയില്‍ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ബിജെപി ദേശീയ നേതൃത്വം ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. മോദി പുരിയില്‍ മത്സരിക്കുന്ന കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.

ഇതിനിടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ആകെയുള്ള 44ല്‍ 22 സീറ്റും ബിജെപി സ്വന്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ രഥയാത്രകള്‍ അടക്കം പാര്‍ട്ടി സംഘടിപ്പിക്കും. 

click me!