
ദില്ലി:കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെയുള്ള മീ ടു ആരോപണം പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. മീ ടൂ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിക്ക് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം രൂപം നൽകും. നിരവധി വനിത മാധ്യമ പ്രവര്‍ത്തകരാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ മീ ടൂ ക്യാമ്പെയ്നിലൂടെ ആരോപണം ഉന്നയിച്ചത്. എല്ലാ ആരോപണങ്ങളും ശരിയാകണമെന്നില്ല എന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
അതേസമയം ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇത് ആദ്യമായാണ് ബിജെപി അദ്ധ്യക്ഷൻ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. വിദേശപര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന എം.ജെ. അക്ബറുമായി അമിത് ഷാ നാളയോ മറ്റന്നാളോ സംസാരിച്ചേക്കും. ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് എം.ജെ.അക്ബര്‍ ടെലിഫോണിലൂടെ ബിജെപി നേതാക്കളെ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തിൽ അദ്ദേഹവുമായി നേരിട്ട് സംസാരിച്ച ശേഷം തുടര്‍നടപടി മതിയെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ ബിജെപിക്ക് വലിയ തലവേദന കൂടിയാണ് എം.ജെ. അക്ബറിനെതിരെയുള്ള ആരോപണം. അതിനാൽ അക്ബറിനോട് മാറിനിൽക്കാൻ ആവശ്യപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. ആരോപണങ്ങൾ ശരിയാണെങ്കിൽ എം.ജെ. അക്ബര്‍ രാജിവെക്കണമെന്ന് ഇന്നലെ കേന്ദ്ര മന്ത്രി രാംദാസ് അത്വാലേ പറഞ്ഞിരുന്നു. മീ ടൂ വെളിപ്പെടുത്തലുകളുടെ നിയമസാധുത പരിശോധിക്കാൻ ഒരു സമിതിക്ക് രൂപം നൽകാൻ ഇതിനിടെ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം സമിതിയോട് റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെടും. ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ ശുപാര്‍ശകള്‍ നൽകുമെന്ന് കേന്ദ്ര വനിത ശിശുക്ഷേ മന്ത്രി മേനക ഗാന്ധി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam