
ഹർദോയി: കേന്ദ്ര സർക്കാരിന്റെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ പെൺകുട്ടി മരിച്ചു. പനി അധികമായതിനെ തുടർന്നാണ് പതിനാലുകാരി സുപ്രിയ ശർമ്മ മരിച്ചത്. അധികൃതരുടെ അനാസ്ഥ മൂലമാണ് പെൺകുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോട് അനുബന്ധിച്ചാണ് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതി പ്രകാരം ജില്ലാ അധികൃതർ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് സുപ്രിയ വീട്ടിലെത്തിയത് വളരെ ക്ഷീണിച്ചാണ്. പനി അധികമായതിനെ തുടർന്ന് സുപ്രിയയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. അധികൃതരുടെ അനാസ്ഥ മൂലമാണ് മകൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ പരിപാടി ക്രമീകരിച്ചിട്ടില്ല. പരിപാടിയിൽ കുടിവെള്ളം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം പരിപാടി സംഘടിപ്പിച്ച ബിഎസ്എ (ബേസിക് ശിക്ഷാ അധികാരി) ഉദ്യോഗസ്ഥൻ ഹേമന്ദ് റാവു ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. അധികൃതർ എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നുവെന്നും പെൺകുട്ടിയുടെ മരണത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നും ഹേമന്ദ് റാവു പറഞ്ഞു. പരിപാടിയിൽ കുടിവെള്ളം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നു. കുടുംബാംഗങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹേമന്ദ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഹർദോയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 1,000 സ്കൂൾ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam