
മുംബൈ: ഉത്തർപ്രദേശിലെ 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. നമുക്ക് വേണ്ടി ജീവിതം വരെ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും നൽകുക എന്നത് വളരെ സംതൃപ്തിയേറിയ അനുഭവമാണെന്ന് താരം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ 350ഒാളം കർഷകരുടെ വായ്പകൾ അമിതാഭ് ബച്ചൻ അടച്ചു തീർത്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ തന്റെ ബ്ലോഗിലൂടെയാണ് അമിതാബ് ബച്ചൻ പുറത്തുവിട്ടത്.
"350 കർഷകരുടെ വായ്പ അടച്ചു തീർക്കുക എന്നത് പ്രയാസകരമാണ്. എന്നാൽ അവരെ ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് തടയുന്നതിനാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വായ്പകൾ അടച്ചു തീർത്തത്. ഇതുകൂടാതെ കുറച്ച് നാളുകൾക്ക് മുമ്പ് ആന്ധ്ര, വിദർബ എന്നിവിടങ്ങളിലെ കർഷകരുടെ വായ്പകളും അടച്ചിരുന്നു. വായ്പമൂലം കഷ്ടപ്പെടുന്ന ഉത്തർപ്രദേശിൽ നിന്നുള്ള 850ഒാളം കർഷകരെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം അഞ്ചര കോടി രൂപയാണ് ഇവരുടെ ആകെ വായ്പ തുക. അതും കൂടി അടച്ചു തീർക്കുകയാണ്. ഇതിന് ബാങ്കിനോട് സഹായവും അതിന്റെ നിർവ്വഹണവും സംബന്ധിച്ച് കാര്യങ്ങൾ ചോദിക്കാനിരിക്കുകയാണ്";- അമിതാബ് ബച്ചൻ വ്യക്തമാക്കി.
ഇതുകൂടാതെ അമിതാബ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഖ ക്രോർപതി എന്ന പരിപാടിയിൽ പങ്കെടുത്ത അജീത് സിങ്ങിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാകുന്നതിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് അജീത് സിങ്ങ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam