
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും.നടിയെ ആക്രമിച്ച സംഭവവും ഇതില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്ത സംഭവവും ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം ഇടവേള ബാബു വ്യക്തമാക്കി. അമ്മ ട്രഷറര്‍ കൂടിയായ ദിലീപും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
രാവിലെ പത്തരയ്‌ക്ക് കൊച്ചി മരടിലെ ഹോട്ടലിലാണ് താരസംഘടന അമ്മയുടെ 23ആമത് വാര്‍ഷിക പൊതുയോഗം ചേരുന്നത്. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട നടന്‍ ദീലീപിനെ ചോദ്യം ചെയ്തതും ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ന് വാര്‍ഷിക പൊതുയോഗമുള്ളതിനാല്‍ അവിടെ വച്ച് ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടിലെത്തുകയായിരുന്നു.
സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രധാനമുഖമായ മഞ്ജുവാര്യര്‍ വ്യക്തിപരമായ തിരക്കുകളുള്ളതിനാല്‍ യോഗത്തിനെത്തില്ലയെന്ന് അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ആക്രമണത്തിന് ഇരയായ നടിക്ക് വേണ്ടി സംസാരിക്കാന്‍ ആരെല്ലാം മുന്നോട്ട് വരുമെന്നാണ് അറിയേണ്ടത്. ഇരയായ നടിയും ദിലീപും സംഘടനയിലെ അംഗങ്ങളായതുകൊണ്ടും കേസ് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതുകൊണ്ടും ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരുപക്ഷത്ത് നിലയുറപ്പിക്കില്ലെന്ന് പ്രസിഡന്റ് ഇന്നസെന്‍റ് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തെ ആകെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടെന്നും ഇതിനെ ചെറുക്കണമെന്നും അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വിശദീകരണമാകും യോഗശേഷം അമ്മ ഭാരവാഹികള്‍ നല്‍കുക. സംഘടനയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam