കേസിൽനിന്ന് രക്ഷപ്പെടാൻ ഒാർമ്മ നഷ്ടപ്പെട്ടതായി അഭിനയിച്ചു; കള്ളം പൊളിച്ചടുക്കി കോടതി

By Web TeamFirst Published Oct 27, 2018, 2:16 PM IST
Highlights

കമ്പനിയുടെ ഫ്ലാറ്റുകൾ ബുക്ക് ചെയ്ത 42,000 പേരില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് അമ്രപാലി ഗ്രൂപ്പിനെതിരായ കേസ്. എന്നാൽ തനിക്കൊന്നും ഒാർമ്മയില്ലെന്ന് വരുത്തിത്തീര്‍ത്ത് കേസിൽനിന്നും രക്ഷപ്പെടാനായിരുന്നു ചന്ദര്‍ വാധ്വയുടെ പദ്ധതി.

ദില്ലി: നോയിഡയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ അമ്രപാലി ഗ്രൂപ്പിനെതിരേയുള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ചന്ദർ വാധ്വയുടെ ഓര്‍മ്മ നഷ്ടപ്പെട്ടെന്ന വാദം നുണയാണെന്ന് സുപ്രീംകോടതി കണ്ടെത്തി. കമ്പനിയുടെ ഫ്ലാറ്റുകൾ ബുക്ക് ചെയ്ത 42,000 പേരില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് അമ്രപാലി ഗ്രൂപ്പിനെതിരായ കേസ്. എന്നാൽ തനിക്കൊന്നും ഒാർമ്മയില്ലെന്ന് വരുത്തിത്തീര്‍ത്ത് കേസിൽനിന്നും രക്ഷപ്പെടാനായിരുന്നു ചന്ദര്‍ വാധ്വയുടെ പദ്ധതി.

കേസിൽ വാദം കേൾക്കുന്നതിനിടെ ഒാർമ്മ നഷ്ടപ്പെട്ടെന്ന ചന്ദര്‍ വാധ്വയുടെ വാദം യഥാർത്ഥമാണോ എന്ന സംശയത്തെ തുടർന്ന് പരിശോധന നടത്താൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഫോറന്‍സിക് ഓഡിറ്റര്‍മാരെ പരിശോധനയ്ക്കായി ഏർപ്പെടുത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്കൊന്നും ഓര്‍മ്മയില്ലെന്ന തരത്തില്‍ ചന്ദര്‍ പെരുമാറി. എന്നാല്‍ ഓഡിറ്റര്‍മാരുടെ ചോദ്യത്തിൽ പതറിപ്പോയ ചന്ദറിന്റെ കള്ളി വെളിച്ചത്താകുകയായിരുന്നു. 

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് ലളിത് നിരവധി ചോദ്യങ്ങള്‍ വാധ്വയോട് ചോദിച്ചു. ജോലിയില്‍ പ്രവേശിച്ച ദിവസം, തസ്തിക ഏതായിരുന്നു എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും, ക്ഷമിക്കണം തനിക്കൊന്നും ഒാർമ്മയില്ലെന്നായിരുന്നു വാധ്വയുടെ മറുപടി. 

എന്നാൽ വിവാഹ ദിവസം, പഠിച്ച കോളേജിന്റെ പേര്, സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ വർഷം എന്നീ ചോദ്യങ്ങൾക്ക് വളരെ കൃത്യമായി മറുപടി പറഞ്ഞതോടെ വാധ്വയ്ക്ക് ഒാർമ്മ നഷ്ടപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് കള്ളം പറഞ്ഞതാണെന്ന് മനസ്സിലാക്കിയ ഫോറന്‍സിക് ഓഡിറ്റര്‍മാരോട് വാധ്വ ക്ഷമ ചോദിക്കുകയും ഒാർമ്മ നഷ്ടപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു.  

click me!