അമൃത്സര്‍ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ചു

By Web TeamFirst Published Oct 20, 2018, 8:06 AM IST
Highlights

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽവെ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു. അമൃത്സറിലെ ജോഡാ ബസാറിൽ ഇന്നലെയാണ് സംഭവം നടന്നത്. 

അമൃതസർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. 
 
ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽവെ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു. അമൃത്സറിലെ ജോഡാ ബസാറിൽ ഇന്നലെയാണ് സംഭവം നടന്നത്. റെയിൽവേ ട്രാക്കിൻറെ സമീപത്തുള്ള തുറസ്സായ സ്ഥലത്താണ് ചടങ്ങുകൾ നടന്നത്. നിരവധി പേർ റെയിൽവേ ട്രാക്കിൽ നിന്നും രാവണരൂപം കത്തിക്കുന്നത് കാണുന്നുണ്ടായിരുന്നു. പടക്കം പൊട്ടിച്ച സമയത്ത് പിന്തിരിഞ്ഞോടിയ കൂടുതൽ പേർ ട്രാക്കിലെത്തി. പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. പെട്ടെന്ന് അമൃത്സറിനും ജലന്തറിനും ഇടയിൽ സർവ്വീസ് നടത്തുന്ന ഡെമു ട്രെയിൻ ജനക്കൂട്ടത്തെ ഇടിച്ചിട്ട് കടന്നു പോകുകയായിരുന്നു. ഓടിമാറാനുള്ള സമയം പോലും നൂറു കിലോമീറ്റർ വേഗതയിൽ ട്രെയിൻ വന്നതിനാൽ കിട്ടിയില്ല. 

അടുത്തുള്ള റെയിൽ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ തീവണ്ടിക്ക് കടന്നു പോകാനുള്ള സിഗ്നൽ കിട്ടുകയായിരുന്നു. പരിപാടി സംഘടിപ്പിച്ചത് പ്രാദേശിക കോൺഗ്രസ് നേതാക്കളാണ്. പരിപാടിയിൽ പ്രദേശത്തെ എംഎൽഎയായ നവജോത്സിംഗ് സിദ്ദുവിൻറെ ഭാര്യ നവജോത് കൗറർ മുഖ്യാതിഥിയായിരുന്നു. ആഘോഷങ്ങളുടെ ഭാ​ഗമായി ആവശ്യമായ സുരക്ഷാ സന്നാഹമോ മുൻകരുകതലോ ഇല്ലായിരുന്നെന്ന് ആരോപിച്ച് ജനം പ്രതിഷേധിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. 

ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ട്രെയിൻ അപകടമാണിത്. കഴിഞ്ഞയാഴ്ച റായ്ബറേലിയിൽ എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയിരുന്നു.

click me!