
ദില്ലി: യുവതിക്ക് നേരെ പരസ്യമായി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ കേസിൽ മുൻ എംപിയുടെ മകന്‍റെ ജാമ്യാപേക്ഷ പാട്യാല കോടതി തള്ളി. ദില്ലിയിലെ പ്രശ്സ്ത ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽവച്ച് മുൻ എംപിയും ബിഎസ്പി നേതാവുമായ രാകേഷ് പാണ്ഡെയുടെ മകൻ ആശിഷ് പാണ്ഡേ യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി. ഇയാളെ കോടതി തിങ്കളാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആശിഷിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് എഫ്ഐആറിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് കേസിൽ വാദം കേട്ടതിനുശേഷം കോടതി പറഞ്ഞു. വെള്ളിയാഴ്ച്ചയാണ് ദില്ലി പൊലീസ് ആശിഷിനെ ഡ്യൂട്ടി മജിസ്ട്രേറ്റ് സുമിത് ആനന്ദ് മുമ്പാകെ ഹാജരാക്കിയത്. തുടർന്ന് തർക്കമുണ്ടായ സ്ത്രീയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായാണ് വീണ്ടും കസ്റ്റഡിയിൽ വിട്ടത്. ഒളിവില്‍ പോയ സമയത്ത് ഇയാളെ സഹായിച്ചവർക്കെതിരേയും പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് കൈവശം വച്ചതെന്ന് ആശിഷിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എതിർകക്ഷിയിൽനിന്നും ഭീഷണി നേരിട്ടിരുന്നു. ആശിഷിന്റെ കൂടെ പെൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനെതുടർന്നാണ് ആശിഷ് തോക്ക് വീശിയത്. മാധ്യമങ്ങൾ വാർത്ത വളച്ചൊടിക്കുകയും സംഭവം രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചതായും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഒക്ടോബർ 14 പുലർച്ചെ 3.40ന് പാർട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ആശിഷും യുവതിയുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് ആഷിശ് യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഹൃത്തും ഹോട്ടൽ ജീവനക്കാരും ചേർന്ന് ആഷിശിനെ പിടിച്ച് മാറ്റുന്നുതും ദൃശ്യങ്ങളിൽ കാണാം.
ഹോട്ടൽ അധികൃതർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് ആശിഷ് പാണ്ഡെ ഒഴിവിൽ പോയിരുന്നു. ആയുധം കൈവശം വച്ചതിനുള്ള വകുപ്പുകൾ മാത്രമാണ് പൊലീസ് ആദ്യം ചുമത്തിയിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി. കേസിൽ ആശിഷിനെതിരെ പാട്യാല കോടതി ബുധനാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ ആശിഷ് കഴിഞ്ഞ ദിവസമാണ് കോടതിയിയിൽ കീഴടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam