അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പോലീസ് വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു

By Web DeskFirst Published Apr 24, 2016, 5:04 AM IST
Highlights

ഇന്നലെ രാത്രിയാണ് അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സര്‍വ്വകലാശാല പ്രോക്ടറുടെ ഓഫീസിനു തീയിട്ട വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ കത്തിച്ചു. 

സംഘര്‍ഷത്തെത്തുടര്‍ന്ന് ക്യാമ്പസിലെത്തിയ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഹ്താബ് എന്ന വിദ്യാര്‍ത്ഥി മരിച്ചു. ഇയാള്‍ ഗാസിപൂര്‍ സ്വദേശിയാണ്. മുഹമ്മദ് വാഖിഫ് എന്ന വിദ്യാര്‍ത്ഥി ഗുരുതരമായ നിലയില്‍  ആശുപത്രിയില്‍ ചികിത്സയിലാണ്.

അഗ്‌നിശമനസേനയെത്തി തീയണച്ചതിനു ശേഷം പുലര്‍ച്ചെ  രണ്ടു മണിയോടെ  വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികളോട് സമാധാനമായി പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍വ്വകലാശാല ഡപ്യൂട്ടി പ്രോക്ടര്‍ മസൂദ് അറിയിച്ചു.  ഇന്ന് നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

click me!