
ആലപ്പുഴ: ''ഇത് സത്യമെങ്കിൽ എന്റെ മാതൃക ഇവരായിരിക്കും. എന്റെ മനസ്സും എല്ലാക്കാലത്തും ഇവരെപ്പോലെ അറിവ് നേടാൻ ആഗ്രഹിച്ചുകൊണ്ടേയിരിക്കും''. ആലപ്പുഴ സ്വദേശിനിയായ കാർത്യായനി അമ്മയെക്കുറിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണിത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ 'വിദ്യാർത്ഥിനി' കാർത്യായനി അമ്മ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ വൈറൽ താരം. തൊണ്ണൂറ്റാറ് വയസ്സുണ്ട് ഈ അമ്മൂമ്മയ്ക്ക്. ബിസിനസ് രംഗത്തെ വമ്പനായ ആനന്ദ് മഹീന്ദ്രയ്ക്ക് കാർത്യായനി അമ്മയെ ടാഗ് ചെയ്ത് പരിചയപ്പെടുത്തിയത് വിനോദ് എന്നയാളാണ്. ഇതിന് നൽകിയ മറുപടിയാണ് ഇപ്പോൾ ട്വിറ്റർ ലോകം ചർച്ച ചെയ്യുന്നത്.
പ്രായം വെറും അക്കമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് തൊണ്ണൂറ്റാറ് വയസ്സുള്ള കാർത്യായനി അമ്മ. കഴിഞ്ഞ ദിവസമാണ് ജില്ലാ സാക്ഷരതാ മിഷന്റെ കീഴിലുള്ള നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി കാർത്യായനി അമ്മ വാർത്തയിൽ ഇടം പിടിച്ചത്. പരീക്ഷയിൽ മുഴുവൻ മാർക്കും ഈ 'വിദ്യാർത്ഥിനി' കരസ്ഥമാക്കിയിരുന്നു. ജില്ലയിലെ അക്ഷരലക്ഷം പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയാണ് ആ അമ്മൂമ്മ.
പരീക്ഷയെഴുതുന്ന കാർത്യായനി അമ്മയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യത്തെ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയതോടെ ആലപ്പുഴയിലെ ചേപ്പാട് വില്ലേജിലെ മുട്ടം ഗ്രാമത്തിൽ കാർത്യായനി അമ്മൂമ്മയാണ് താരം. ഈ വർഷം ജനുവരിയിലാണ് സ്കൂളിൽ ചേർന്നത്. പ്രായാധിക്യം മൂലം സ്കൂളിൽ പോയി പഠിക്കാൻ സാധിക്കാത്തത് കൊണ്ട് ടീച്ചർ വീട്ടിൽ വന്നാണ് പഠിപ്പിക്കുന്നത്. പരീക്ഷ കഴിഞ്ഞിറങ്ങിയ കാർത്യായനി അമ്മയ്ക്ക് ഒരു പരാതിയുണ്ടായിരുന്നു, പഠിച്ചതെല്ലാം ചോദ്യപേപ്പറിൽ ഇല്ലായിരുന്നു പോലും!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam