
ദില്ലി: ഋഷിമാരുടേതെന്ന് അവകാശപ്പെടുന്ന കണ്ടെത്തലുകള്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനൊരുങ്ങി ദേശീയ സാങ്കേതിക കൗണ്‍സില്‍. ഭാരത് വിദ്യാസാരം എന്ന ഭാരത് വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച കൃതിയാണ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം നടക്കുന്നത്. അതേസമയം ദേശീയ സാങ്കേതിക കൗണ്‍സിലിന്‍റെ നടപടിയ്ക്കെതിരെ വലിയ എതിര്‍പ്പുകളാണ് ഉയരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ടീവ് കോഴ്സ് ആയാണ് ഭാരത് വിദ്യാസാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ മൂവായിരത്തോളം എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ ഇത് പഠിപ്പിച്ച് തുടങ്ങുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാതനകാലത്തെ ഋഷിമാരുടെ കണ്ടെത്തലുകളും തത്വശാസ്ത്രങ്ങളുമാണ് ഭാരത് വിദ്യാസാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവ പരിചയപ്പെടട്ടേ എന്നാണ് അധികൃതരുടെ വിശദീകരണം. ശാസ്ത്രമേഖലയില്‍നിന്ന് ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ശാസ്ത്രജ്ഞനായ അങ്കിത് സുലേയുടെ നേതൃത്വത്തില്‍ പാഠപുസ്തകത്തിനെതിരെ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഹോമി ജെ ഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ ശാസ്ത്രജ്ഞനാണ് അങ്കിത് സുലെ അഗസ്ത്യ മുനി ബാറ്ററി കണ്ടുപിടിച്ചുവെന്നും വൈദ്യുതി വിശ്ലേഷണത്തിലൂടെ ജലത്തില്‍നിന്ന് ഓക്സിജനും ഹൈഡ്രജനും വേര്‍തിരിച്ചിരുന്നുവെന്നുമെല്ലാണ് പുസ്തകത്തില്‍ പറയുന്നത്. ന്യൂട്ടന്‍റെ ചലന നിയമം കണാദ മഹര്‍ഷിയുടെ വൈശേഷിക സൂത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ഭാരത് വിദ്യാസാരത്തില്‍ പറയുന്നു.
ഭൂഗുരുത്വാകര്‍ഷണം ആദ്യമായി പ്രതിപാദിക്കുന്നത് ഋഗ്വേദമാണ്. ഭരദ്വാജ മഹര്‍ഷിയുടെ വൈമാനിക ശാസ്ത്രം വിമാന കപ്പല്‍ നിര്‍മ്മാണങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്നും പുസ്തകം പറയുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് സുലെ വ്യക്തമാക്കുന്നത്. അക്കാദമികമായി തെറ്റാണെന്ന് തെളിയിക്കപ്പെട്ടതാണ് ഇത്തരം അവകാശവാദങ്ങളെന്ന് പുസ്തകത്തിനെതിരെ സുലെ നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നുണ്ട്. അതേസമയം പുസ്തകം പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് ഭാരത് വിദ്യാസാരത്തിന്‍രെ എഡിറ്റര്‍മാരിലൊരാളായ ശശിബാല സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് ഒണ്‍ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam