
തിരുവനന്തപുരം: ഇന്ന് ഗൃഹപ്രവേശം നടക്കേണ്ട വീട്ടിലെത്തിയത് ഗൃഹനാഥയുടെ ചേതനയറ്റ ശരീരം. ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയർ സ്‌കൂട്ടറിന്‍റെ ടയറിൽ കുരുങ്ങിയുണ്ടായ അപകടത്തിലാണ് ആറ്റുപുറം സ്വദേശി അനിത(36) കഴിഞ്ഞ ദിവസം മരിച്ചത്. അനിത നിര്‍മ്മിച്ച രണ്ട് മുറികളുളള വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് രാവിലെ പത്തിനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മാതാവിന്‍റെ വിയോഗവിവരമറിഞ്ഞ ഞെട്ടലിലാണ് മക്കളായ പ്ലസ് വൺ വിദ്യാർഥിയായ അങ്കിത്, എട്ടിലും ആറിലും പഠിക്കുന്ന സൗമ്യ, അനൂഷ് എന്നിവര്‍.
എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച അനിത വീട്ടുജോലി ചെയ്താണ് മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. സഹോദരനൊപ്പം കുടുംബവീട്ടിൽ താമസിക്കുകയായിരുന്നു അനിത. അടുത്തിടെയാണ് രണ്ട് കിലോമിറ്റർ അകലെയുള്ള ഊരംവിളയിൽ മൂന്ന് സെന്‍റ് സ്ഥലം വാങ്ങി അനിത വീട് നിര്‍മ്മിച്ചത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കള്‍.
ചരക്കുലോറിയുടെ പിൻവശത്തുനിന്ന് അഴിഞ്ഞുവീണ കയറിൽ കുരുങ്ങി ഏറെദൂരം നിരങ്ങിനീങ്ങിയ സ്കൂട്ടർ മറിയുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്. മുന്നിലൂടെ പോയ ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ഇത് പിന്നിൽ വന്ന അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്‍റെ ടയറിൽ കുരുങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്‍റെ വശത്തേക്ക് മറിഞ്ഞു. വീഴ്ചയിൽ ഡിവൈഡറിൽ അനിതയുടെ തലയിടിച്ചു. പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam