ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണിയപ്പോൾ 6.53 കോടി രൂപ വരുമാനമായി ലഭിച്ചു. പണത്തിന് പുറമെ, ഒരു കിലോയിലധികം സ്വർണ്ണവും എട്ട് കിലോ വെള്ളിയും ഭക്തർ സമർപ്പിച്ചിട്ടുണ്ട്. ഇത്തവണയും നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ കണ്ടെത്തി
ഗുരുവായൂർ: ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോൾ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. പണത്തിന് പുറമെ വലിയ അളവിൽ സ്വർണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചിട്ടുണ്ട്.
സ്വർണ്ണം: 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം. വെള്ളി: 8 കിലോ 25 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. കേരള ഗ്രാമീൺ ബാങ്ക് (കെ.ജി.ബി) ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല.
ഇ-ഭണ്ഡാരം വഴി ലഭിച്ച വരുമാനം
ക്ഷേത്രത്തിലെ വിവിധ ഇ-ഭണ്ഡാരങ്ങൾ വഴിയും ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിച്ചു. ബാങ്കുകൾ തിരിച്ചുള്ള കണക്ക് താഴെ പറയുന്നതാണ്: ബാങ്ക് / ലൊക്കേഷൻ, തുക (രൂപയിൽ) എന്ന ക്രമത്തിൽ.
- എസ്.ബി.ഐ (കിഴക്കേ നട) - 2,23,867
- പഞ്ചാബ് നാഷണൽ ബാങ്ക് (കിഴക്കേ നട) - 15,965
- ഇന്ത്യൻ ബാങ്ക് (പടിഞ്ഞാറെ നട) - 1,29,423
- യു.ബി.ഐ (പടിഞ്ഞാറെ നട)- 80,981
- ധനലക്ഷ്മി ബാങ്ക് - 1,69,937
- ഐസിഐസിഐ ബാങ്ക് - 31,228


