ആൻലിയയുടെ മരണത്തിൽ നിർണായക തെളിവുകൾ തേടി പൊലീസ്; മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

By Web TeamFirst Published Feb 6, 2019, 12:02 AM IST
Highlights

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആൻലിയയുടെ രക്ഷിതാക്കൾ ആവർത്തിച്ച സാഹചര്യത്തിലാണ് വിശദമായി മൊഴിയെടുക്കുന്നത്. എന്നാൽ കേസിൽ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും  കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ നിലപാട്

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആൻലിയയുടെ കുടുംബത്തിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആൻലിയയുടെ രക്ഷിതാക്കൾ ആവർത്തിച്ച സാഹചര്യത്തിലാണ് വിശദമായി മൊഴിയെടുക്കുന്നത്.

രണ്ട് ദിവസത്തിലേറെയായി മൊഴിയെടുക്കൽ തുടരുകയാണ്. എന്നാൽ കേസിൽ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും  കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റെയിൽവേ പൊലീസ് സ്റ്റേഷനിലേയും ആർപിഎഫ് ഓഫീസിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇവ വിശദമായി പിന്നീട് പരിശോധിക്കും.

കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

എന്നാൽ ജസ്റ്റിന്‍റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ കണ്ടെത്തിയിട്ടുണ്ട്. ജസ്റ്റിൻ ഉപയോഗിച്ച ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഭർതൃപീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

click me!