'എനിക്കെന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്ക്'; അണ്ണാ ഹസാരെ

By Web TeamFirst Published Feb 3, 2019, 2:35 PM IST
Highlights

'എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല മറിച്ച്, സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോ​ഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങൾ എന്നെ ഒർക്കുക. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ജനം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകും'- ഹസാരെ പറഞ്ഞു.

ദില്ലി: ലോക്പാൽ ബിൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയൻ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിത കാല സമരം നാലാം ദിവസം പിന്നിടുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി അദ്ദേഹം രം​ഗത്തെത്തിയിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്കായിരിക്കുമെന്ന് ഹസാരെ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല മറിച്ച്, സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോ​ഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങൾ എന്നെ ഒർക്കുക. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ജനം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകും'- ഹസാരെ പറഞ്ഞു.

'ലോക്പാൽ വഴി,  ജനങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ മോദിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. അതുപോലെ തന്നെ  ആരെങ്കിലും തെളിവുകള്‍ നല്‍കിയാല്‍ ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിക്കും ഇതിനോട് താത്പര്യമില്ലാത്തത്. 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ പാസാക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഇനിയും അത് രൂപീകരിച്ചിട്ടില്ല,’ അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.

കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുക, ലോക്പാൽ ബിൽ രൂപീകരിക്കുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ച്  ജന്‍ ആന്ദോളന്‍ സത്യാഗ്രഹ എന്ന പേരില്‍ ജനുവരി 30നാണ് അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്. തുടർന്ന് സമരത്തിൽ നിന്നും പിൻമാറണമെന്ന്  മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും  അദ്ദേഹം അതിന് തയ്യാറായില്ല. ഇത് ജനകീയ സമരമാണെന്നും രാഷ്ട്രീയക്കാർക്ക് തന്‍റെ സമരപ്പന്തലിൽ പ്രവേശനമില്ലെന്നുമായിരുന്നു അണ്ണാ ഹസാരെയുടെ മറുപടി.
 

click me!