
കൊല്ലം, പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ. ആനയെ പിടികൂടി മാറ്റണമെന്നും പ്രതിരോധ വേലി നിർമ്മാണം എന്ന് തുടങ്ങുമെന്ന് ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജ്യോതികുമാർ ചാമക്കാല എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ രാജമ്മയുടെ കുടുംബത്തിന് ഇന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ബാക്കി 9 ലക്ഷം ഉടൻ നൽകാനും ധാരണയായി. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. എന്നാൽ ആനയെ പിടികൂടുന്നതിനുള്ള നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തെ തന്നെ പരാതി നൽകിയിരുന്നുവെന്നും ഒരു കാര്യവും നടന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. വനം വകുപ്പിൻ്റെ പ്രതിരോധ നടപടികളിലെ പാളിച്ചയാണ് രാജമ്മയുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ പരാതി.പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൈകിട്ട് ആറു മണിക്ക് ശേഷം ആന ശല്യമാണ്. നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ കാട്ടാന ആക്രമണം തടയാൻ നടപടി സ്വീചാരിച്ചിരുന്നുവെന്നും കരാർ എടുത്തവർ പണി ചെയ്തില്ലെന്നുമായിരുന്നു വനംമന്ത്രി ഷിബുബേബി ജോണിന്റെ പ്രതികരണം. രാവിലെ 9 മണിയോടെയായിരുന്നു കാട്ടാന ആക്രമണം. തൊഴിലുറപ്പ് ജോലിക്കായി പോവുകയായിരുന്നു കടശ്ശേരി സ്വദേശിയായ 80കാരിയായ രാജമ്മ. തൊഴിലുറപ്പിൻ്റെ ഭാഗമയുള്ള ഫോട്ടോ എടുത്തതിന് ശേഷം ജോലി സ്ഥലത്തേക്ക് നടന്നു. കൂട്ടമായി നീങ്ങിയ തൊഴിലാളികൾക്ക് ഇടയിലേക്ക് കാട്ടിൽ നിന്നും ആന പാഞ്ഞടുത്തു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. രാജമ്മയ്ക്ക് രക്ഷപ്പെടാനായില്ല. പരിക്കേറ്റു കിടന്ന വയോധികയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam