Latest Videos

അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

By Web DeskFirst Published Oct 13, 2016, 3:55 PM IST
Highlights

ജനീവ: പോ‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി തെരെഞ്ഞെടുത്തു. 193 അംഗ പൊതുസഭ ചേർന്നാണ് ഐക്യരാഷ്ട്രസഭയുടെ ഒൻപതാമത്തെ സെക്രട്ടറി ജനറലായി ഗുട്ടെറസിനെ തെരഞ്ഞെടുത്തത്..ജനുവരി ഒന്നുമുതൽ അഞ്ചുവർഷം ഗുട്ടെറസ് ഐക്യരാഷ്ട്രസഭയെ നയിക്കും.

സജീവ രാഷ്ട്രീയത്തിൽനിന്നു രാജ്യാന്തര നയതന്ത്രത്തിലേക്കു കളംമാറിയ നേതാവാണ് പോർച്ചുഗലിന്റെ മുൻപ്രധാനമന്ത്രിയും സോഷ്യലിസ്റ്റുമായ അന്റോണിയോ ഗുട്ടെറസ് .മുൻ വിദേശകാര്യമന്ത്രിമാർ സ്ഥിരമായി നിയമിക്കപ്പെട്ടിരുന്ന സെക്രട്ടറി ജനറൽ പദവിയിലെത്തുന്ന ആദ്യത്തെ മുൻ രാഷ്ട്രത്തലവനെന്ന റെക്കോഡും ഇനി ഗുട്ടെറസിന് സ്വന്തം.

നീണ്ടകാലത്തെ സ്വേച്ഛാധിപത്യത്തിനുശേഷം 1976ൽ പോർച്ചുഗലിൽ ജനാധിപത്യ മാർഗത്തിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി മൽസരിച്ചു ജയിച്ചാണു ഗുട്ടെറസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.1995 മുതൽ 2002 വരെ പോർച്ചുഗൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യത്തെ മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടൽ നടത്തി.

പ്രസിഡന്റാകാൻ വിസമ്മതിച്ച് സജീവരാഷ്ട്രീയം വിട്ട ഗുട്ടെറസ് നയതന്ത്രതലത്തിലേക്ക് കർമമേഖല മാറ്റി. 2005 മുതൽ പത്തുവർഷം ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗം ഹൈക്കമ്മിഷണർ പദവിയിലിരുന്ന ഗുട്ടെറസ് അഭയാര്‍ഥിപ്രശ്നം പരിഹരിക്കാന്‍ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി.
സിറിയയിലെ സംഘര്‍ഷം, ഉത്തര കൊറിയയുടെ ആണവ ഭീഷണി, ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലിന് സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഗുട്ടെറസിന് സാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും സംഘര്‍ഷം മൂലമുണ്ടാവുന്ന അഭയാര്‍ഥി പ്രവാഹവുംപുതിയ സെക്രട്ടറി ജനറലിന് വെല്ലുവിളിയാകും.

click me!