
ദില്ലി: ഇന്ത്യൻ ജവാൻ ചന്ദുബാബുലാൽ ചൗഹാൻ പിടിയിലുണ്ടെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ സ്ഥിരീകരിച്ചു. സൈനികതലത്തിലാണ് പാകിസ്ഥാൻ ഇക്കാര്യം സ്ഥിരീകരിച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയ ദിവസമാണ് മഹാരാഷ്ട്രക്കാരനായ ഇന്ത്യൻ ജവാൻ ചന്തു ബാബുലാൽ ചൗഹാൻ പാക് സേനയുടെ പിടിയിലായത്. അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും മിന്നലാക്രമണവുമായി രാഷ്ട്രീയ റൈഫിൾസിലെ ചൗഹാന് ബന്ധമില്ലെന്നും സൈന്യം വൃക്തമാക്കിയിരുന്നു.
സൈനികൻ പിടിയിലുണ്ടെന്ന് പാകിസ്ഥാൻ സൈനിക തലത്തിൽ സ്ഥിരീകരിച്ചു. ജവാനെ മടക്കി അയയ്ക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. പാകിസ്ഥാൻ ഇക്കാര്യത്തിൽ നടപടി തുടങ്ങും എന്ന പ്രതീക്ഷയാണ് ഉന്നത വൃത്തങ്ങൾ പ്രകടിപ്പിക്കുന്നത്. പാക് അധീന കശ്മീരിൽ ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം പാകിസ്ഥാൻ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിച്ച് താല്‍ക്കാലിക ക്യാംപുകളിൽ പാർപ്പിച്ചിരുന്നു.
നാല് ദിവസമായി സ്ഥിതി ശാന്തമായ സാഹചര്യത്തിൽ ക്യാംപുകളിൽ നിന്ന് ജനങ്ങൾ ഗ്രാമങ്ങളിലേക്ക് മടങ്ങി തുടങ്ങി. പതിനയ്യായിരത്തോളം പേർ ആർ എസ് പുര മേഖലയിലെ ക്യാംപുകളിൽ തിരിച്ചെത്തി തുടങ്ങി. കശ്മീരിൽ ഇന്ത്യ മനുഷ്യവകാശ ലംഘനം നടത്തുന്നു എന്ന പുതിയ പരാതി ഐക്യരാഷ്ട്ര പൊതുസഭയ്ക്ക് പാകിസ്ഥാൻ നല്‍കി. ഇതിനിടെ പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത് വന്നു. ഇന്ത്യയ്ക്ക് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam