അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വ്യക്തമാക്കി ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്

By Web DeskFirst Published Dec 13, 2017, 5:23 PM IST
Highlights

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ നടത്തിയ നിയമലംഘനങ്ങളുടെ കൂടുതല്‍ വിവരങ്ങളുമായി പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന വകുപ്പ് മന്ത്രിയുടെ വാദവും പൊളിഞ്ഞു. നിയമലംഘനങ്ങള്‍ക്ക് അന്‍വറിന് ഒത്താശ ചെയ്ത കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും. ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ എണ്ണമിട്ട് പറയുന്നതാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്.

ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ചട്ടലംഘനം  വ്യക്തമാണ്. പാരിസ്ഥിതികാനുമതിയില്ലാതെ നിര്‍മ്മിച്ച തടയണ ഏപ്പോള്‍ വേണമെങ്കിലെങ്കിലും  തകരാമെന്നും, പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ചീങ്കണ്ണിപ്പാലിയില്‍ റോപ് വേ നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നു. റോപ് വേ നിര്‍മ്മാണത്തിനും പാരിസ്ഥിതികാനുമതിയില്ല. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ട് കൂടി ചേര്‍ത്താണ് മലപ്പുറം കളക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അന്‍വറിനോട് മൃദുസമീപനമില്ലെന്നാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന  സിപിഐയുടെ നിലപാട്. അതേസമയം, പാര്‍ക്കുമായി ബന്ധപ്പെട്ട തൊഴില്‍ നിയമലംഘനങ്ങളെകുറിച്ച് പരാതി കിട്ടിയിട്ടില്ലെന്ന മന്ത്രി ടി പി രാമകൃഷ്ണന്റെ വാദം പൊളിഞ്ഞു. കഴി‍ഞ്ഞ 30ന് സ്പീക്കറുടെ ഓഫീസിന് കിട്ടിയ പരാതി മേല്‍നടപടികള്‍ക്കായി ഒരാഴ്ച മുന്‍പേ തൊഴില്‍മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് വ്യക്തമാക്കുന്ന സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന് വ്യക്തമായി. തടയണ നിര്‍മ്മാണത്തില്‍ നിയമലംഘനങ്ങളില്‍ തുടര്‍നടപടികള്‍ വൈകിപ്പിച്ച മലപ്പുറം ജില്ലാ ജിയോളജിസ്റ്റ്, പിഡബ്ല്യൂഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചനിയര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയും സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിരുന്നു.

 

click me!