
ചെന്നൈ: യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ജീവിതം ഇനി മിനി സ്ക്രീനില്‍. ഒക്ടോബർ 15ന് അദ്ദേഹത്തിന്റെ 87-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ജീവിത കഥ മെഗാ സീരീസായി സ്ക്രീനിൽ എത്തുന്നത്. നാഷണൽ ജിയോഗ്രഫി ചാനലിലാണ് സീരീസ് സംപ്രേഷണം ചെയ്യുന്നത്. സീരീസ് ഒക്ടോബർ എട്ട് മുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കലാമിന്റെ ജീവിത ചരിത്രം, വിജയ കഥകൾ എന്നിവ ഉൾപ്പെടുത്തി ജനങ്ങൾക്ക് പ്രചോദനം നൽകുന്ന തരത്തിലാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതുവരെയും ആരും കാണാത്ത പിന്നാമ്പുറങ്ങളും സീരീസിൽ കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള വീഴ്ച്ചകൾ പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞനിലേക്കുള്ള വളർച്ച, നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത രീതികൾ എല്ലാം തന്നെ സീരീസിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
കുഞ്ഞുനാൾ മുതൽ പൈലറ്റ് ആകാനായിരുന്നു അബ്ദുൾ കലാമിന്റെ മോഹം. 1958ൽ എംഐടിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഇന്ത്യൻ വ്യോമ സേനയിലേക്ക് അപേക്ഷ നൽകിരുന്നുവെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. ആകെ എട്ട് സീറ്റ് ഒഴിവ് മാത്രമാണ് സേനയിൽ ഉണ്ടായിരുന്നത്. അതിൽ ഒമ്പതാം റാങ്കായിരുന്നു കലാമിന് ലഭിച്ചത്.
ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവതത്തിലെ ആദ്യ തോൽവി. പിന്നീട് അങ്ങോട്ട് നിരവധി വീഴ്ച്ചകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. തന്റെ ഓരോ തോൽവിയിൽ നിന്നും ഉയർന്നു വന്ന അദ്ദേഹം ജീവിതത്തിൽ എങ്ങനെ ഉയർന്നു വരണമെന്ന് മറ്റുള്ളവർക്ക് പ്രചോദനമാവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam