
കൊച്ചി: മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാനസർക്കാർ അനുമതി നല്‍കി. കലൂർസ്റ്റേഡിയം മുതല്‍ കാക്കനാട് വരെ മെട്രോ നീട്ടാന്‍ 2310 കോടിയാണ് ചിലവ്.
11.2 കിലോമീറ്റർ നീളത്തില്‍ മെട്രോ രണ്ടാം ഘട്ടം പൂർത്തിയായാല്‍ പാലാരിവട്ടം ജംക്ഷന്‍ മുതല്‍ ഇൻഫോപാർക്ക് വരെ 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. പാലാരിവട്ടം ജം., പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട്ജം, കൊച്ചിസെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്ഫോപാർക്ക് 1 എന്നിവയായിരിക്കും പുതിയ സ്റ്റേഷനുകള്‍. ഇതിനായി 6.97 ഏക്കർ സ്ഥലം ഏറ്റെടുക്കണം, സ്ഥലമേറ്റെടുപ്പിനായി 93.50 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
മെട്രോ ഒന്നാംഘട്ടത്തില്‍ ഇതുവരെ ആലുവമുതല്‍ മഹാരാജാസ് വരെയാണ് നിർമാണം പൂർത്തിയായത്. ഒന്നാംഘട്ടത്തില്‍ അവശേഷിക്കുന്ന തൃപ്പൂണിത്തുറ വരെയുള്ള നിർമാണം പുരോഗമിക്കുകയാണ്, അടുത്തവർഷം ജൂണില്‍ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നാണ് കെഎംആർഎല്‍ പറയുന്നത്.
ഒന്നാം ഘട്ടനിർമാണം പുരോഗമിക്കുന്നതിനോടൊപ്പം രണ്ടാംഘട്ടനിർമാണവും ആരംഭിക്കും. ഒന്നാംഘട്ട നിർമാണത്തില്‍ ഡിഎംആർസി ഒപ്പമുണ്ടായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ കെഎംആർഎല്‍ ഒറ്റയ്ക്കാണ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുക. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിച്ച് നഷ്ടം കുറയ്ക്കാനുള്ള പുതുവഴികളും തേടുന്നുണ്ട്. 2023 ജനുവരിയോടെ രണ്ടാംഘട്ട നിർമാണവും പൂർത്തിയാക്കി വിശാലമായ മെട്രോ കൊച്ചിക്ക് സമർപ്പിക്കാനാകുമെന്നാണ് കെഎംആർഎല്ലിന്‍റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam