പെരുമഴയില്‍ മുങ്ങി ഇടുക്കി; ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നു

First Published Jul 25, 2018, 11:52 AM IST
Highlights


ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. സംഭരണ ശേഷിയുടെ 80 ശതമാനത്തിന് മുകളിലെത്തി. നിറയാന്‍ 17 അടികൂടി മതി. മഴ ഇതുപോലെ തുടര്‍ന്നാല്‍ 18 ദിവസം കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് കരുതുന്നത്. 

ഇടുക്കി: കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയപാതയില്‍ വാളറയ്ക്ക് സമീപമുള്ള ഭാഗത്തെ ഒരുഭാഗമിടിഞ്ഞ് ദേവിയാര്‍ പുഴയില്‍ വീണു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. ഇന്നലെ (24-7-2018) രാവിലെ ഒമ്പതോടെയാണ് റോഡില്‍ വിള്ളലുണ്ടാകുന്നത്. ഇതോടെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഗാതാഗതം നിയന്ത്രിച്ചു. ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടു. ഉച്ചയോടെ ഈ ഭാഗം പകുതിയിലേറെ ഇടിഞ്ഞ് പുഴയിലെ വാളറ വെള്ളച്ചാട്ടത്തിലേക്ക് വീണു. ഇതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ വാളറയില്‍ നിന്നും പാംബ്ല വഴി തിരിച്ച് വിട്ടിരിക്കുകയാണ്.  

ഇന്നലെ ഇരുമ്പുപാലത്ത് നിന്നും പടിക്കപ്പിലേക്കുള്ള വാഹന ഗതാഗതം താറുമാറായി. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. സംഭരണ ശേഷിയുടെ 80 ശതമാനത്തിന് മുകളിലെത്തി. നിറയാന്‍ 17 അടികൂടി മതിയെന്നാണ് കണക്ക്. മഴ ഇതുപോലെ തുടര്‍ന്നാല്‍ 18 ദിവസം കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിലെ നാല് ഷര്‍ട്ടറുകള്‍ തുറന്നുവിട്ടു. ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലേക്ക് വെള്ളമെത്തുന്ന അറക്കുളം, മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ തോടുകളും പുഴകളും നിറഞ്ഞാണ് ഒഴുകിയെത്തുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

42 മീറ്ററാണ് ഡാമിന്‍റെ സംഭരണശേഷി. 41.30 മീറ്റര്‍ വെള്ളമെത്തിയാല്‍ കാഞ്ഞാര്‍ ലക്ഷം വീട് കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറും. അതൊഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഷര്‍ട്ടറുകള്‍ ഒരു മീറ്റര്‍ വീതം തുറന്നിരിക്കുന്നത്. മഴ തുടര്‍ന്നാല്‍ ഏത് സമയവും കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് എം.വി.ഐ.പി. അധികൃതര്‍ പറഞ്ഞു. തൊടുപുഴയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നുവെച്ചിരിക്കുകയാണ്. 

ജില്ലയില്‍ മിക്കയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുഞ്ചിത്തണ്ണി, മാങ്കുളം, കല്ലാര്‍, വെള്ളത്തൂവല്‍, നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനാതിര്‍ത്തി, ആനവിരട്ടി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ആനച്ചാല്‍-കുഞ്ചിത്തണ്ണി, രാജാക്കാട്-കുഞ്ചിത്തണ്ണി, ബൈസന്‍വാലി-കുഞ്ചിത്തണ്ണി,  അടിമാലിയിലെ സ്റ്റെല്ലാ മേരീസ് റോഡ്, പൊളിഞ്ഞപാലം-പ്രിയദര്‍ശിനി കോളനി റോഡ്, അടിമാലി-മന്നാംകാല റോഡ്, കൂമ്പന്‍പാറ-പൊളിഞ്ഞപാലം റോഡ്, ഫയര്‍ സ്റ്റേഷന്‍ റോഡ്, അടിമാലി വിശ്വദീപ്തി റോഡ്, കല്ലാര്‍കുട്ടി,  അടിമാലി ലൈബ്രറി റോഡ്, അച്ചുതമേനോന്‍ റോഡ് തുടങ്ങിയ റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ദേശീയപാത, വെള്ളത്തൂവല്‍ റോഡ്, മൂന്നാര്‍ റോഡ് എന്നിവിടങ്ങളില്‍നിന്നും അടിമാലിയിലേക്ക് എത്തുന്ന എല്ലാ വഴികളിലും മണ്ണിടിഞ്ഞും വെള്ളം കറിയും ഗതാഗതം തടസ്സപ്പെട്ടതോടെ അടിമാലി ഒറ്റപ്പെട്ടു. കുഞ്ചിത്തണ്ണി വള്ളക്കടവില്‍ റോഡിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങി. 

ചൊവ്വാഴ്ച പെയ്ത കനത്തമഴ അടിമാലിയെ വെള്ളത്തില്‍ മുക്കി. മാങ്കുളം പുഴ നിറഞ്ഞൊഴുകുകയാണ്. താളംകണ്ടം പാലത്തിനൊപ്പം വെള്ളമെത്തി. പുഴയോരത്തെ പറമ്പുകളില്‍ വെള്ളം കയറി. അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ അയ്യപ്പന്‍കോവില്‍ ധര്‍മശാസ്താക്ഷേത്രം വെള്ളത്താല്‍ ചുറ്റപ്പെട്ടു. 150 മീറ്ററോളം ചങ്ങാടത്തില്‍ സഞ്ചരിച്ചാണ് പൂജാരിമാര്‍ ക്ഷേത്രത്തില്‍ പൂജയ്ക്കെത്തുന്നത്. 2006-ന് ശേഷം ആദ്യമാണ് ക്ഷേത്രം കാലവര്‍ഷത്തില്‍ വെള്ളത്താല്‍ ചുറ്റപ്പെടുന്നത്. അന്ന് ശ്രീകോവിലിലും വെള്ളം കയറി ദിവസങ്ങളോളം പൂജ മുടങ്ങിയിരുന്നു.  2013-ലും കനത്ത തുലാവര്‍ഷത്തെത്തുടര്‍ന്ന് ക്ഷേത്രമുറ്റംവരെ വെള്ളം കയറിയിരുന്നു.

click me!