പൂച്ചകളെ വേണ്ടവിധം പരിപാലിച്ചില്ല; യുവതിയെ നാടുകടത്താന്‍ കോടതിയുടെ ഉത്തരവ്

By Web DeskFirst Published Mar 12, 2018, 4:15 PM IST
Highlights
  • പൂച്ചകളെ വളര്‍ത്തിയത് വൃത്തിഹീനമായ സാഹചര്യത്തില്‍
  • കോടതി യുവതിയെ നാടുകടത്തി

അബുദാബി: പൂച്ചകളെ വേണ്ടവിധം പരിപാലിക്കാത്തതിന് യുവതിയെ നാടുകടത്താന്‍  ഉത്തരവിട്ട് അബുദാബി കോടതി. വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളെ മോശമായി വളര്‍ത്തിയതിനാണ് അറബ് വംശജയായ യുവതിയെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. 40 പൂച്ചകളെയാണ് യുവതി വീട്ടിലെ മുറിയില്‍ അടച്ചിട്ട് വളര്‍ത്തിയത്. പൂച്ചകളുടെ ആരോഗ്യസ്ഥിതി മോശമാവുകയും ഒരു പൂച്ചയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇവരുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂച്ചകളെ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു യുവതി ചെയ്തിരുന്നത്. എന്നാല്‍ യാതൊരുവിധത്തിലുള്ള പരിപാലനവും നടന്നിരുന്നില്ല. ആവശ്യമായ ഭക്ഷണവും ഇവയ്ക്ക് കഴിയാനുള്ള ഇടമൊന്നും യുവതി ഒരുക്കിയില്ല. കൃത്യമായ ആഹാരം ലഭിക്കാതെ പൂച്ചകള്‍ എല്ലാം ശോഷിച്ച് ചാവാറായ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണത്തിനെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതോടെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശപ്രാകരം കേസെടുത്ത്  യുവതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി യുവതിയെ കുറ്റക്കാരിയെന്നു കണ്ടെത്തി പിഴ വിധിക്കുകയും യുഎഇയിൽ നിന്നു നാടുകടത്താൻ വിധിക്കുകയും ആയിരുന്നു. 

click me!