
ദില്ലി: കരസേനയിലെ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം സേനയിലെ മറ്റൊരു മേജറിലേക്ക്. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.
ശനിയാഴ്ചയാണ് വെസ്റ്റ് ദില്ലിയിലെ കന്റോണ്‍മെന്റ് മെട്രോ സ്റ്റേഷന് സമീപം മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കുടുംബ സുഹൃത്തായിരുന്ന മറ്റൊരു മേജറെയാണ് പ്രധാനമായും സംശയിക്കുന്നതെന്ന് ദില്ലി പൊലീസ് പറഞ്ഞു. എന്തോ കാരണത്താല്‍ അടുത്തിടെ കുടുംബവുമായി അകന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ മധുപ് തിവാരി പറഞ്ഞു.
രാവിലെ 10 മണിയോടെ ഫിസിയോ തെറാപ്പി ചികിത്സക്കായി ശൈലജ സൈനിക വാഹനത്തില്‍ ബേസ് ആശുപത്രിയിലേക്ക് പോയിരുന്നു. പിന്നീട് ഇവരെ തിരികെ വിളിക്കാന്‍ ആശുപത്രിയിലേക്ക് വാഹനവുമായി പോയ ഡ്രൈവര്‍ ശൈലജയെ കണ്ടെത്താന്‍ കഴിയാതെ ആശുപത്രിയില്‍ അന്വേഷിച്ചു. ഫിസിയോതെറാപ്പി ചികിത്സക്കായി ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന മറുപടിയാണ് രേഖകള്‍ പരിശോധിച്ച ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയത്. ഇതോടെ ഡ്രൈവര്‍ തിരികെ പോയി ഭര്‍ത്താവിനെ വിവരം അറിയിച്ചു.
ഉച്ചയ്ക്ക് 1.28നാണ് റോഡരികില്‍ അജ്ഞാത മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മേജര്‍ അമിത് ദ്വിവേദി വൈകുന്നേരം നാല് മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തെ കാണിക്കുകയും അദ്ദേഹം തിരിച്ചറിയുകയുമായിരുന്നു. വാഹനത്തില്‍ ആശുപത്രിയുടെ മുന്നില്‍ ഇറങ്ങിയ ശൈലജ ആശുപത്രിയില്‍ പ്രവേശിക്കാതെ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേക്ക് പോയെന്നാണ് പൊലീസിന്റെ നിഗമനം. അടുപ്പമുള്ള ആരോ ആയിരിക്കാം ഇവരെ കൊണ്ടുപോയത്. വാഹനത്തിനുള്ളില്‍ വെച്ച് തന്നെ ശൈലജ കഴുത്തറുത്ത് കൊല്ലപ്പെട്ടിട്ടുണ്ടാവാം. വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇട്ട ശരീരത്തില്‍ പല തവണ വാഹനം കയറ്റിയിറക്കുകയും ചെയ്തുവെന്നും പൊലീസ് അനുമാനിക്കുന്നു.
ശൈലജയുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. ഭര്‍ത്താവ് അമിത് ദ്വിവേദി നാഗാലാന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക് പോകുന്നതിന് മുന്നോടിയായാണ് ഇവര്‍ ദില്ലിയിലെത്തിയത്. ഇവര്‍ക്ക് ആറുവയസുള്ള ഒരു മകനുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam