ധനകാര്യവകുപ്പിന് അഭിവാദ്യം അർപ്പിച്ച് 'ആർപ്പോ ആർത്തവം' സംഘാടകർ

By Web TeamFirst Published Jan 31, 2019, 3:40 PM IST
Highlights

ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാൻ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് 'ആർപ്പോ ആർത്തവം' സംഘാടകർ ഫേസ്ബുക്കിലിട്ട കുറിപ്പ്.

കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച 'ആർപ്പോ ആർത്തവം' പരിപാടിയുടെ പോസ്റ്റർ സംസ്ഥാന ബജറ്റിന്‍റെ കവറാക്കിയതിന് സംസ്ഥാന ധനകാര്യ വകുപ്പിന് ആർപ്പോ ആർത്തവം സംഘാടകരുടെ അഭിവാദ്യം.ഫേസ്ബുക്ക് പേജിലൂടെയാണ് സംഘാടകർ സർക്കാരിന് അഭിവാദ്യം അറിയിച്ചത്.

കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാപ്രവർത്തകരുടെ കൂട്ടായ്മയായ കലാകക്ഷിയിലെ  ജലജ പി എസ്  'ആർപ്പോ ആർത്തവം' പരിപാടിക്കുവേണ്ടി വരച്ച അയ്യങ്കാളിയുടേയും പഞ്ചമിയുടേയും ചിത്രമായിരുന്നു സംസ്ഥാന ബജറ്റിന്‍റെ കവർ ചിത്രം. പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോകുന്ന അയ്യങ്കാളിയെ ആണ് ജലജ പി എസ് ചിത്രീകരിച്ചിരിക്കുന്നത്. സ്ലേറ്റുമായി നിൽക്കുന്ന പഞ്ചമി പിടിച്ചുകൊടുക്കുന്ന ഉച്ചഭാഷിണിയിലൂടെ അയ്യങ്കാളി വിരൽ ചൂണ്ടി സംസാരിക്കുന്നതായാണ് ചിത്രം.

Read also : തോമസ് ഐസക്കിന്‍റെ ബജറ്റ്; കവർചിത്രം അയ്യങ്കാളി

ദളിതനേയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാൻ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് 'ആർപ്പോ ആർത്തവം' സംഘാടകർ ഫേസ്ബുക്കിലിട്ട കുറിപ്പ്.

ആർപ്പോ ആർത്തവം സംഘാടകരുടെ പോസ്റ്റിന്‍റെ പൂർണ്ണരൂപം

അയിത്തതിനെതിരെ തുല്യനീതിയ്ക്ക് വേണ്ടിയുള്ള സമരത്തെ മുന്നോട്ട് നയിയ്ക്കുവാൻ പഞ്ചമിയുടെ കൈപിടിച്ച് സവർണ്ണന് മുൻപിൽ നിവർന്ന് നിന്ന അയ്യങ്കാളിയെക്കാൾ മികച്ച ചിത്രം കേരള ചരിത്രത്തിൽ ഇല്ലായെന്നതൊരു തിരിച്ചറിവായിരുന്നു. 
ആർത്തവ അയിത്തത്തിനെതിരെ നമ്മൾ നടത്തിയ #ആർപ്പോആർത്തവ ത്തിന്റെ മുഖചിത്രം പഞ്ചമിയും അയ്യങ്കാളിയും തന്നെയായിരിയ്ക്കണം എന്നത് ഏറ്റവും ബഹുമാനത്തോടെ എടുത്ത തീരുമാനമായിരുന്നു.
ആർപ്പോ ആർത്തവത്തിന് വേണ്ടി പോസ്റ്റർ രചിച്ചത് നമ്മുടെ പ്രീയ സുഹൃത്ത് പി.എസ്.ജലജയാണ്. ജലജയ്ക്കും കലാ കക്ഷിയ്ക്കും ഉമ്മ .
ജലജ വരച്ച ആ ആർപ്പോ ആർത്തവ പോസ്റ്റർ 2019_ 2020 ബജറ്റ് പ്രസംഗത്തിന്റെ കവറായിരിയ്ക്കുന്നു എന്നതിനെ
സ്നേഹപൂർവ്വം അഭിമാനപൂർവ്വം സ്വാഗതം സ്വാഗതം ചെയ്യുന്നു. 
ദളിതനെയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാൻ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.

click me!