
വയനാട്: വയനാട് തവിഞ്ഞാലില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ കുറിപ്പെഴുതി ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അതേ ബാങ്കിലെ ജീവനക്കാരനായ സുനീഷിനെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സിപിഎം നേതാവ് പി വാസുവിനെ അറസറ്റ് ചെയ്തില്ലെങ്കില്‍ തലപ്പുഴ സ്റ്റേഷന് മുന്നില്‍ നിരാഹാരസമരമെന്ന നിലപാടിലാണ് മരിച്ച അനില്‍ കുമാറിന്‍റെ കുടുംബം.
തവിഞ്ഞാല്‍ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽ കുമാർ ആത്മഹത്യ ചെയ്ത് ഒന്നരമാസമാകുമ്പോഴാണ് അദ്യ അറസ്റ്റ്. ആത്മഹത്യാകുറിപ്പില്‍ പ്രതിപാതിച്ചിരുന്ന ബാങ്ക് ജീവനക്കാരന്‍ സുനീഷിനെയാണ് പ്രേരണാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. കുറിപ്പില്‍ പറയുന്ന സിപിഎം പ്രാദേശിക നേതാവും ബാങ്ക് പ്രസിഡന്‍റുമായ പി വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവരുടെ കാര്യത്തില്‍ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വാസുവും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. സുനീഷിനെ അറസ്റ്റുചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണോ എന്നും ഇവര്‍ക്ക് സംശയമുണ്ട്. അനില്‍കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റുചെയ്യണമെന്നാണ് കുടുംബാഗങ്ങളുടെ ആവശ്യം. അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ അടുത്ത ആഴ്ച്ച മുതല്‍ അനിശ്ചിത നിരാഹാരസമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam