
ദില്ലി: തനിക്കെതിരെയുള്ള നക്സൽ ആരോപണത്തിൽ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ബിജെപി ആരോപിക്കുന്നത് പോലെ തനിക്ക് നക്സൽ ബന്ധമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ അദ്ദേഹം പറയുന്നു. ''ആദ്യം അവരെന്നെ ദേശവിരുദ്ധനാക്കി. ഇപ്പോൾ മാവോയിസ്റ്റും നക്സലൈറ്റുമാണെന്ന് പറയുന്നു. എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്.'' ദിഗ് വിജയ് സിംഗ് പറയുന്നു.
മഹാരാഷ്ട്രയിൽ അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ സംഭവത്തെ ഗുജറാത്ത് മോഡൽ എന്നാണ് ദിഗ് വിജയ് സിംഗ് വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിയെ വധിച്ചത് പോലെ നരേന്ദ്ര മോദിയെയും വധിക്കാൻ അവർ ഗൂഢാലോചന നടത്തിയെന്നാണ് അവർക്കെതിരെ പൊലീസ് ഉയർത്തിയിരിക്കുന്ന ആരോപണം. ഇത് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ പോലെ വ്യാജആരോപണമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ബിജെപിയുടെ ദേശീയ വക്താവ് സംപീത് പത്ര മാവോയിസ്റ്റ് നേതാവ് അയച്ച കത്തിൽ ദിഗ് വിജയ് സിംഗിന്റെ ടെലഫോൺ നമ്പർ ഉള്ളതായി ആരോപണമുന്നയിച്ചിരുന്നു. മാവോയിസ്റ്റുകളെ സഹായിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും സഹായത്തിനായി സിംഗിനെ സമീപിക്കാമെന്നും കത്തിലുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ നാലുവർഷത്തിലധികമായി താൻ ഈ നമ്പർ ഉപേക്ഷിച്ചിട്ടെന്ന് ദിഗ് വിജയ് സിംഗ് പറയുന്നു. തനിക്ക് മാവോയിസ്റ്റ് നേതാക്കളെ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam