
പൂണൈ: ആക്ടിവിസ്റ്റും കവിയുമായ വരാവറ റാവുവിനെ ഇന്നലെയാമ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെത്തി റാവുവിനെ അറസ്റ്റ് ചെയ്ത പൂണൈ പൊലീസ് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ്.
എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോദിക്കെതിരായ ഗൂഢാലോചനയുടെ പേരിലല്ല വരവര റാവുവിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ബന്ധുക്കളോട് പൊലീസ് പറഞ്ഞത് കളവാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഒരു പദ്ധതി പരമാര്‍ശിക്കുന്ന കത്ത് ഭീമ-കൊറിഗാവ് കലാപക്കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. രാജീവ് ഗാന്ധിയെ വധിച്ച അതേ മാതൃകയില്‍ റാലിക്കിടെ മോദിയേയും വധിക്കാനായിരുന്നു കത്തിലെ പദ്ധതി. ഇതിനായി എട്ട് കോടി ചിലവിട്ട് എം 4 റൈഫിള്‍ വാങ്ങുന്ന കാര്യവും കത്തില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ പുണെ പൊലീസിന്‍റെ രേഖകള്‍ പ്രകാരം ഈ കേസുമായി ബന്ധപ്പെട്ടല്ല റാവുവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വ്യക്തമാകുന്നത്. ഭീമ-കൊറിഗാവ് ജാതി കലാപവുമായി ബന്ധപ്പെട്ട് മാത്രമാണ് റാവുവിനെയും അറസ്റ്റ് ചെയ്തതെന്നാണ് പുണെ പൊലീസ് രേഖകള്‍ പറയുന്നത്.
ഇന്നലെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി ആക്ടിവിസ്റ്റുകളെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂണൈ പൊലീസ് കസ്റ്റഡിയിലുള്ള റാവുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രാന്‍സിറ്റ് ഓര്‍ഡര്‍ കിട്ടുന്ന മുറയ്ക്ക് ഇയാളെ പൂണൈയിലേക്ക് കൊണ്ടു പോകും എന്നാണ് വ്യക്തമാകുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വരാവറ റാവു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീരരസം എന്ന പേരിലുള്ള വിപ്ലവകവികളുടെ കൂട്ടായ്മയുടെ നേതാവാണ് വരാവററാവു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam