
ദില്ലി: വൃക്ക സംബന്ധമായ ചികിത്സയ്ക്കായി യുഎസിലേക്ക് പോയിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി മടങ്ങിയെത്തി. വീട്ടിലേക്ക് തിരിച്ചെത്തുന്നതിന്‍റെ ആനന്ദത്തിലാണെന്ന് ജയ്റ്റ്‍ലി തന്നെയാണ് ട്വിറ്ററിലൂടെ മടങ്ങി വരവിന്‍റെ കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം പകുതിയോടെയാണ് ചികിത്സയ്ക്കായി ജയ്റ്റ്‍ലി യുഎസിലേക്ക് പോയത്.
ഇതോടെ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ജയ്റ്റ്‍ലി വിധേയനായിരുന്നു. തുടര്‍ന്ന് നാല് മാസം ഔദ്യോഗിക ജോലികളില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് വര്‍ഷത്തെ ബജറ്റിന് മുമ്പ് മന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക് പോയത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു.
ചികിത്സ നീട്ടിവെയ്ക്കാനാവില്ലാത്ത സ്ഥിതി ആയതിനാലാണ് ജയ്റ്റ്‍ലി വിദേശത്തേക്ക് പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വൃക്ക മാറ്റിവെയ്ക്കലിന് ശേഷം അണുബാധയെക്കുറിച്ച് ഡോക്ടര്‍മാര്‍ ജയ്റ്റ്‍ലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ മന്ത്രിയെ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, പാര്‍ലമെന്‍റില്‍ അതിശക്തമായി അദ്ദേഹം തിരിച്ചുവരവ് നടത്തിയതോടെ കാര്യങ്ങള്‍ വീണ്ടും പഴയത് പോലെയായി. റഫാലില്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങളെ മുന്നില്‍ നിന്ന് നേരിട്ടത് ജയ്റ്റ്‍ലിയായിരുന്നു.
എന്നാല്‍, ബജറ്റിന് മുമ്പ് വീണ്ടും അദ്ദേഹം ചികിത്സയ്ക്കായി പോയതോടെ വീണ്ടും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. അരുണ്‍ ജയ്റ്റ്‍ലിയുടെ തിരിച്ചുവരവ് ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കുമെന്നത് ഉറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam