
ഇറ്റാനഗര്‍: ഔദ്യോഗികമായ പരിപാടികളില്‍ പങ്കെടുക്കാനായി തവാംഗിലെത്തിയതായിരുന്നു അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ റിട്ട. ബ്രിഗേഡിയര്‍ ബി ഡി മിശ്ര. മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സ്ഥലത്തെ എംഎല്‍എയ്ക്കുമൊപ്പമായിരുന്നു ബി ഡി മിശ്ര തവാംഗിലെത്തിയത്.
പരിപാടി നടന്നുകൊണ്ടിരിക്കെ എംഎല്‍എ മുഖ്യമന്ത്രിയോട് സംസാരിക്കുന്നത് ഗവര്‍ണര്‍ കേള്‍ക്കാനിടയായി. പ്രദേശത്തുള്ള ഒരു സ്ത്രീ പ്രസവവേദനയെ തുടര്‍ന്ന് അടിയന്തര വൈദ്യസഹായം തേടുന്നുവെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു എംഎല്‍എ.
സ്ത്രീക്ക് വേണ്ട ചികിത്സാസൗകര്യങ്ങള്‍ തവാംഗില്‍ ലഭ്യമല്ല. ഇതിനായി ഇവരെ 200 കിലോമീറ്റര്‍ ദൂരെയുള്ള ഇറ്റാനഗറിലെത്തിക്കണം. റോഡ് മാര്‍ഗം ഇറ്റാനഗറിലേക്ക് തിരിച്ചാല്‍ 15 മണിക്കൂറെങ്കിലും പിടിക്കും എത്താന്‍. കൂടാതെ കാട്ടുവഴികളിലൂടെയുള്ള അപകടം പിടിച്ച യാത്രയും.
സംഭവമറിഞ്ഞ ഗവര്‍ണര്‍ താന്‍ വന്ന ഹെലികോപ്ടര്‍ നല്‍കാന്‍ സമ്മതമെന്ന് മുഖ്യമന്ത്രിയെയും എംഎല്‍എയെയും അറിയിച്ചു. വൈകാതെ തന്നെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും വഹിച്ച് ഹെലികോപ്ടര്‍ പറന്നു. ഇടയ്ക്ക് സാങ്കേതിക തകരാര്‍ നേരിട്ടപ്പോള്‍ ഗവര്‍ണര്‍ തന്നെ ഇടപെട്ട് വ്യോമസേന ഹെലികോപ്ടര്‍ സംഘടിപ്പിച്ചുനല്‍കി. ഇറ്റാനഗറില്‍ ഇറങ്ങി ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടറടങ്ങിയ സംഘവുമായി ആംബുലന്‍സും ഒരുക്കി.
ആശുപത്രിയിലെത്തിച്ച സ്ത്രീ വൈകാതെ തന്നെ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കി. സമയോചിതമായ ഗവര്‍ണറുടെ ഇടപെടലാണ് സ്ത്രീയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മറ്റൊരു ഹെലികോപ്ടറില്‍ ഇറ്റാനഗറിലെത്തിയ ഗവര്‍ണര്‍ കുഞ്ഞിനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam