
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ചാരക്കഥകള്‍ ആഘോഷിച്ചപ്പോള്‍ നമ്പി നാരായണന് പറയാനുള്ളത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്. 1994 നവംബർ 30 നാണ് നമ്പി നാരായണനെ സിബി മാത്യൂസിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
അൻപത് ദിവസമാണ് നമ്പി നാരായണൻ ജയിലിൽ കിടന്നത്. ക്രയോജനിക് സാങ്കേതികവിദ്യാ വിദഗ്ധനും പിഎസ്എൽവി രണ്ടിൻറെയും നാലിൻറെയും പ്രൊജക്ട് ഡയറക്ടറുമായിരുന്ന നമ്പി നാരായണൻ കല്ലേറും പരിഹാസവും ഏറ്റുവാങ്ങിയ കാലം. മാധ്യമങ്ങളിലെല്ലാം ഊതിപ്പെരുപ്പിച്ച ചാരക്കഥകൾ നിറയുമ്പോൾ പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായിരുന്ന ടിഎൻ ഗോപകുമാറാണ് കണ്ണാടിയിലൂടെ ആരോപണത്തിൻറെ മറുവശം തേടിയത്.
നമ്പി നാരായണനൊപ്പം അറസ്റ്റിലായ മാലി സ്വദേശി മറിയം റഷീദയും ഫൗസിയയും പൊലീസ് പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞതും കണ്ണാടി എന്ന പരിപാടിയിലൂടെ തന്നെയായിരുന്നു. കേസില്‍ തന്നെ കുടുക്കിയതാണെന്ന് നമ്പി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്ന് പറഞ്ഞത് പിന്നീട് സിബിഐ ശരിവച്ചു.
ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഈ ബഹിരാകാശ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തതിൽ അന്വേഷണം വരുന്നു. നീതിക്കായുള്ള നമ്പിനാരായണന്റെ വിജയം. ഒപ്പം ഒഴുക്കിനെതിരായി നേരിനൊപ്പം നിന്ന വേറിട്ട മാധ്യമപ്രവർത്തനത്തിന്റെയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam