
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിൽ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. ഈ കാലയളവിൽ 658 കേസുകളാണ് ഇത്തരത്തില്‍ ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന് മാത്രം 92 കേസാണ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 109 കേസുകളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തതിട്ടുളളത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലെ കണക്കുകൾ കൂടി കണക്കാക്കുമ്പോള്‍ വര്‍ധനവുണ്ടാവുമെന്നാണ് ആശങ്കയെന്ന് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി വ്യക്തമാക്കുന്നു. കൂടാതെ ഈ കാലയളവിൽ ജില്ലയില്‍ എട്ട് ശൈശവ വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ശാരീരിക പീഡനം 86, മാനസിക പീഡനം 89 എണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാലഭിക്ഷാടനവും ബാലവേലയും ജില്ലയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാലഭിക്ഷാടനം 10 എണ്ണവും ബാലവേല ഒന്നുമാണ് കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍പെട്ട ഏഴ് പേരെയും, പാര്‍പ്പിടമില്ലാത്ത 67 പേര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനും ജില്ലാ ചൈല്‍ഡ് ലൈനിന് സാധിച്ചു.
കൂടാതെ മാനസികമായി പ്രയാസമനുഭവപ്പെടുകയും മറ്റുമുള്ള 67 കുട്ടികള്‍ക്ക് ഇമോഷനല്‍ സപ്പോര്‍ട്ട് ഗൈഡ് ക്ലാസുകള്‍ നല്‍കി പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരാനും സാധിച്ചതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അതേസമയം 23 കുട്ടികളെ ജില്ലയില്‍ നിന്നും ഈ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വഴിതെറ്റിയെത്തിയ 19 പേരെ തിരിച്ച് സ്വദേശത്തെത്തിക്കാനും ചൈല്‍ഡ് ലൈന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam